Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”