Saturday, November 29, 2008

മൃത്യുവിന്‍റെ ഗുഹയില്‍ പുതിയ രക്തപുഷ്പങ്ങള്‍

എത്രപേര്‍ മരിച്ചു എന്നറിയില്ല.
മരിച്ചവരില്‍ എത്ര മലയാളികളുണ്ട്,എത്ര പോലീസുകാരുണ്ട്, എത്ര സിവിലിയന്‍സ് ഉണ്ട്, എത്ര എന്‍ എസ്സ് ജീക്കാരുണ്ട്, എത്ര റ്റെററിസ്റ്റ് ഉണ്ട് എന്നും എഴുതുന്നില്ല.

നിതാന്ത സത്യമായ മരണം മാത്രം മിച്ചം.

വല്ലാത്തൊരു ഹീന ഭാവനയാണ് മനസ്സിലിപ്പോള്‍.
സഹജീവികള്‍ കാര്യകാരണങ്ങളില്ലാതെ വെറുതേ ചത്തൊടുങ്ങുമ്പോള്‍, തമ്മില്‍ കൊന്നൊടുക്കുമ്പോള്‍ നിസ്സഹായനായ് റിയാലിറ്റി ഷോ കാണുന്നവന്‍റെ ആത്മഗ്ലാനി.
സ്വയം ജീവിച്ചിരിയ്ക്കുന്നതിലെ ആശ്വാസം.
സ്വന്തക്കാര്‍ സുരക്ഷിതരാണോയെന്നറിയാനുള്ള വെമ്പല്‍.
പിന്നെ പരിചയക്കാരെക്കുറിച്ചും ചോദിച്ചു തുടങ്ങി.
തീര്‍ന്നു ആകാംക്ഷകള്‍.


പാലസ്തീനില്‍ ആളുകള്‍ വര്‍ഷങ്ങളായി മരിച്ചുകൊണ്ടേയിരിക്കുമ്പോള്‍, ‘ ഇവര്‍ക്കെന്താ വട്ടാണോ’ എന്നു തോന്നിയിരുന്നു. പഞ്ചാബിലും കാശ്മീരിലും ഓരോ ദിവസങ്ങളിലും മരിച്ചു വീഴുന്നവരുടെ വാര്‍ത്തകള്‍ നിറഞ്ഞ പേജുകള്‍ ലാഘവത്തോടെ മറിച്ച്, അവസാനത്തെ വിക്കറ്റ് വീഴ്ചയെക്കുറിച്ചു വായിച്ചിരുന്ന നാളുകള്‍! വന്‍ മരം വീണപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ പെട്ട് പച്ചജീവനോടെ കത്തി മരിച്ച സര്‍ദാര്‍ജിമാരെക്കുറിച്ചു വായിക്കേണ്ടി വന്നപോള്‍ ‘ ഇവന്മാര്‍ക്കു ഇത്രയു അത്യാവശ്യം’ എന്നു പറഞ്ഞ സുഹൃത്ത്. മാവോ സെ തൂങ് മരിച്ചതുകേട്ട് വാവിട്ടു കരഞ്ഞ കാപട്യക്കാരനായ സഹപാഠി സഖാവ്.

വീണ്ടും വീണ്ടും മരണങ്ങള്‍.
ഓരോന്നോരോന്നായി പിന്നീടു മറന്നു.
പിന്നെ ജീവിത പ്രശനങ്ങളുമായി മുന്നോട്ട്.
വിശപ്പും ദാഹവും കാമവും അടക്കാനുള്ള നെട്ടോട്ടം.
ജീവിച്ചിരിയ്ക്കാനായി ആശുപത്രികളും പഥ്യങ്ങളും.
ആത്മഹത്യയെക്കുറിച്ചു ആലോചിച്ചപ്പോഴൊക്കെ പേടിച്ചു പിന്മാറി.

മരണത്തേയും ആത്മഹത്യയേയും സ്തുതിയ്ക്കുന്ന കവിതകളും, ഗസലുകളും പാട്ടുകളും കഥകളുമൊക്കെ മോഹത്തോടെ ഗൃഹാതുരത്വത്തോടെ വര്‍ണ്ണ സ്വപ്നങ്ങളാക്കി.

“വെളിച്ചം, വെളിച്ചം വിളിയ്ക്കുന്ന മര്‍ത്ത്യന്‍റെ നാദമടങ്ങിക്കഴിഞ്ഞു,
ഇന്നു കേള്‍ക്കുന്നതു വേറേ നിവേദനം
ജാനകി തേങ്ങിമറഞ്ഞ ധരയുടെയാഴത്തില്‍നിന്നുമുദിയ്ക്കുന്നൂ പ്രണവമായ്
മൃത്യു മൃത്യു ജയ മൃത്യു മൃത്യു”

എന്നോമറ്റോ ആരോ എഴുതിയിട്ടില്ലേ?


നമുക്ക്, നമ്മുടേതായ സ്വാര്‍ത്ഥകളുമായി ഈ മരണങ്ങളേയും ഇനി വരാനിരിയ്ക്കുന്ന മരണങ്ങളേയും ആഘോഷിയ്ക്കാം.

(വീ ആര്‍ കമിങ് ബാക്ക് റ്റു യു വിത് അ ബ്രേക്കിങ് ന്യൂസ്, ആന്‍ഡ് എക്സ്ലൂസ്സിവ് ഫുട്ടേജ്; ബട്ട് ജസ്റ്റ് ആഫ്റ്റര്‍ ദ കമേഴ്സ്യല്‍ ബ്രേക്ക്. പ്ലീസ് ഡോണ്ട് ഗോ എവേ)

Monday, November 24, 2008

മോക്ഷം

ഒടുങ്ങാത്ത കൊതിയുടെ വിഴുപ്പുകെട്ടുകള്‍ പേറി മനസ്സ് കോലം കെട്ട ഈ ശരീരത്തിനുള്ളില്‍. വീണ്ടും വീണ്ടും
ഒരേ സ്വപനം. ഞെട്ടി ഉണരുമ്പോള്‍ ഓര്‍ത്തു വയ്ക്കും. പക്ഷേ പിന്നീട് എത്ര ശ്രമിച്ചിട്ടും സ്വപ്നം വീണ്ടും
ചികഞ്ഞെടുക്കാനും കഴിയാറില്ല.പങ്കുവയ്ക്കാന്‍ കഴിയാത്ത ഒരന്ധാളിപ്പുപോലെ ആ സ്വപ്നം ഇടയ്ക്കിടെ.
ചിലപ്പോള്‍ അര്‍ദ്ധരാത്രിയില്‍. മറ്റുചിലപ്പോള്‍ ഏഴരവെളുപ്പിന്.


ചതഞ്ഞു ചീര്‍ത്ത വാക്കുകള്‍ കൊണ്ട് ജീവിതത്തെ പൊലിപ്പിച്ചു പറയുമ്പോള്‍, വല്ലാത്ത ഒരു തികട്ടലാണു.
മാനേജ്മെന്‍റ് ചവറുകളില്‍ നിന്നുള്ള സൂക്തങ്ങള്‍ ഈയിടെ പുച്ഛം പോലും ജനിപ്പിക്കാറില്ല. അങ്ങനെ ഒരു
കോണ്‍ഫ്രന്‍സ് കൂടെ കഴിയാറായി. വാലിഡക്ടറി ഫങ്ഷനില്‍ സ്വാമിജിയുടെ പ്രസംഗത്തിനിടയിലാണു നാട്ടില്‍
നിന്നും ഫോണ്‍,

“ഏട്ടാ, നമ്മുടെ കുമാരേട്ടന്‍ മരിച്ചു. ബസ്സാക്സിഡന്‍റ്, ഓഫീസില്‍ നിന്നും മടങ്ങും വഴി.......”

മനസ്സില്‍ ഒരു കുമിള പൊട്ടി. വര്‍ഷങ്ങളായി കുമാരേട്ടനെക്കുറിച്ച് ഓര്‍ത്തിട്ടുകൂടിയില്ല.

“ അത് ഇനി പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. ഫുള്‍ വെള്ളമായിരുന്നെങ്കിലും ആര്‍ക്കും ഒരു
ശല്യവും ......”

മുഴുവനും കേട്ടില്ല.


സ്വാമിജി ഐതരേയോപനിഷതിനെക്കുറിച്ചു പ്രസംഗം തുടരുന്നു.
“ Before we discuss about the creation of cosmic person,let us understand the
invocation of Aitereya Upanishad....
ഓം വാങ്മേ മനസി പ്രതിഷ്ഠിതാ, മനോ മേ വാചി പ്രതിഷ്ഠിതാം.....
ഈശ്വരാ, മനസ്സും വാണിയും ഒന്നായി പ്രവര്‍ത്തികണേ, മനസ്സിലൊന്നും വാണിയില്‍ മറ്റൊന്നും ചിന്തിക്കുകയും
പറയുകയും ചെയ്യാതിരിക്കണേ......”

സ്വാമിജിയുടെ സരസമായ ഉദാഹരണങ്ങള്‍. കേട്ടുചിരിക്കുന്ന നയതന്ത്രജ്ഞര്‍, സിവില്‍ സെര്‍വന്‍റ്സ്, ബിസ്സിനസ്സ്
എക്സിക്കൂട്ടീവ്സ്. ഒരാള്‍ക്ക് ഇരുപത്തി അയ്യായിരം രൂപയാണ് കോണ്‍ഫ്രന്‍സ് ഫീസ്.

കോണ്‍ഫ്രന്‍സ് ഹാളില്‍ നിന്നും പുറത്തിറങ്ങി. അമ്മയെ വിളിച്ചു,

“ അമ്മേ, കുമാരേട്ടന്‍....”

അമ്മ വിവരംഅറിഞ്ഞിരിയ്ക്കുന്നു.

“തങ്കമ്മായിയ്യേ, ഇച്ചിരെ ചോറു വെളമ്പിക്കൊള്ളൂ”

വീട്ടിലേയ്ക്കുള്ള വിരളമായ വരവുകളില്‍ കുമാരേട്ടന്‍ പടി
കയറുന്നതു തന്നെ അമ്മയോട് ഊണു ആവശ്യപ്പെട്ടു കൊണ്ടാണ്. നല്ല ചന്തത്തിലാണ് കുമാരേട്ടന്‍ ഊണു
കഴിക്കാറ്. പാത്രത്തില്‍ ചോറ് രണ്ടായി വകുത്തു മാറ്റി, പരിപ്പോ സമ്പാറോ കുഴച്ചു, വലതു ഭാഗത്തുനിന്നും
ചോറുളകളാക്കി, അല്പം അച്ചാറും തൊട്ടു കഴിക്കുന്നതു കാണാന്‍ രസമാണ്. കഴിച്ചു കഴിഞ്ഞാല്‍ ഒരു വറ്റു
ചോറുപോലും പാത്രത്തിലോ ഊണു മേശയിലോ മിച്ചം കിടക്കാറുണ്ടാവില്ല. ഊണു കഴിച്ചാലുടനേ കുമാരേട്ടനു
തിരിച്ചു പോകാന്‍ തിരക്കാണു്.

“തങ്കമ്മായിയ്യേ, ഒരു നൂറുറുപ്പ്യങ്ങെടുത്തോളോ. അടുത്തോണവരുമ്പൊ തിരിച്വൊണ്ടരാം”

അമ്മ പണം കൊടുക്കുന്നേരം പറയും,

“കുമാരാ, കുടിച്ചു കുടിച്ചു കരളുവാട്ടാതിരിയ്ക്കാമ്പാടില്ലേ നെനക്ക്”

ചാരുകസേരയില്‍ നിന്നും അച്ഛന്‍റെ അശരീരി വരും,

“തങ്കം, നെനക്കു വേറേ പണിയൊന്നുമില്ലേ? പോത്തിനോടാ
വേദമോകുന്നതേ! നീയ്യ് വെറുതേ തോള്ളേലെ നീരു വറ്റിയ്ക്കാതെ”

കുമാരേട്ടന്‍ ഇപ്പുറത്തുനിന്നുതന്നെ ഉറക്കെ മറുപടിയും പറയും,

“ ഈയ്യിടെ വാട്ടീസടി കൊറവാ കുട്ടമ്മാമേ”

കുമാരേട്ടന്‍ അടുത്ത തവണ വരുമ്പോള്‍ അമ്മയ്ക്കു നൂറു രൂപ തിരിച്ചു കൊടുക്കാന്‍ തുടങ്ങും. അമ്മ വേണ്ടെന്നു
പറയും. എല്ലാത്തവണയും ഊണു കഴിച്ചു തിരിച്ചു പോകാന്നേരം വീണ്ടും നൂറു രൂപാ വാങ്ങിക്കും. കുമാരേട്ടന്‍
തിരിച്ചുപോയിക്കഴിയുമ്പോള്‍ അമ്മയുടെ ആത്മഗതം,

“പാവം കുമാരന്‍”


കോണ്‍ഫ്രന്‍സ് കഴിഞ്ഞു പാര്‍ട്ടിസിപ്പന്‍റ്സ് പിരിഞ്ഞുതുടങ്ങി. സ്വാമിജിയെ ഗസ്റ്റ് ഹൌസിലേയ്ക്കു എസ്കോര്‍ട്ട്
ചെയ്തു പോയി മുറിയില്‍ സംസാരിച്ചിരുന്നപ്പോഴും കുമാരേട്ടന്‍റെ മരണം ഒരു മണ്‍‌തരിയായി മനസ്സില്‍
ഉരഞ്ഞുകൊണ്ടേയിരുന്നു. ഒരു കിരുകിരുപ്പ്
.
“ വാട്ട് ഇസ് ബോഥെറിങ് യൂ, സര്‍”

സ്വാമിജി സര്‍ എന്നു സംബോധന ചെയ്തത് എന്നെ വിചലിതനാക്കി.

“ അ ഡെത്ത്; ആന്‍ അണ്‍ റ്റൈമിലി ആക്സിഡെന്‍റല്‍ ഡെത്ത് ബാക്ക് അറ്റ് ഹോം, സ്വാമിജി”

പ്രതീക്ഷയ്ക്കു വിപരീതമായി സ്വാമിജി തത്ത്വചിന്തകളും, ഉപദേശങ്ങളും ഒന്നും പറഞ്ഞില്ല. വെറുതേ എന്‍റെ
കൈപ്പത്തികളില്‍ കൈ അമര്‍ത്തി.
ശുഭ്ര വസ്ത്രത്തിന്‍റെ പോക്കറ്റില്‍ നിന്നും ഒരു വെറ്റിലച്ചെല്ലം എടുത്തു, എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു,

“ ഐ അം സ്റ്റില്‍ നോട്ട് അ സന്യാസി ഫുള്ളീ. സോ മെനി വേള്‍ഡ്ലി ഡിസൈയേഴ്സ് ആര്‍ ദേര്‍ ഫോര്‍ മീ റ്റു
ഓവര്‍കം.”

സ്വര്‍ണ്ണത്തകിടു പൊതിഞ്ഞ വെറ്റിലച്ചെല്ലത്തില്‍ എന്‍റെ കണ്ണുപെട്ടതു കണ്ട് സ്വാമിജി വീണ്ടും ചിരിച്ചു,

“ എ പ്രെസെന്‍റ് ഫ്രം എ വെല്‍ത്തി ഡിസൈപ്പിള്‍; യൂ കീപ്പ് ഇറ്റ്”

എനിയ്ക്കെന്തിനാ വെറ്റിലച്ചെല്ലം? എങ്കിലും വേണ്ടെന്നു പറയാന്‍ തോന്നിയില്ല. സ്വാമിജി വെറ്റിലയും, പാക്കും,
നൂറും, പുകയിലയും ഒക്കെ ഒരു പേപ്പറില്‍ തട്ടി പൊതിഞ്ഞെടുത്തു. കാലിച്ചെല്ലം എനിയ്ക്കു തന്നു.

ഒന്നിലും ആസക്തിയില്ലാതെ നിര്‍മ്മമനും,വികാരമുക്തനും, മോക്ഷരഹിതനും ആയ ജീവന്മുക്തനാകാന്‍ വളരെ
ചുരുക്കം പേര്‍ക്കല്ലേ കഴിയൂ സ്വാമിജീ. മനസ്സില്‍ തോന്നിയെങ്കിലും പറഞ്ഞില്ല. മോക്ഷം കാംക്ഷിക്കുന്ന ഒരു
സാധാരണ മനുഷ്യനാകാന്‍ പോലും കഴിയാത്ത ഞാനെന്തു പറയാനാ?.

രാത്രിയിലെപ്പൊഴോ സ്ഥിരം സ്വപ്നം കണ്ട് ഞെട്ടി. കിതപ്പു മാറിയെപ്പോള്‍ അല്പം വെള്ളം കുടിച്ചു. എന്നെ
വേട്ടയാടുന്ന ഈ പേക്കിനാവിന്‍റെ പൊരുളെന്ത്? കണ്ണടച്ചുകിടന്നപ്പോള്‍ ഇരുട്ട് പേടിപ്പിച്ചു. സ്വപ്നത്തെ ഒന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ങേ ഹേ... ഒരു രക്ഷയുമില്ല. ചിന്തകള്‍ വീണ്ടും കുമാരേട്ടനില്‍ തൊടുത്തി.


ബ്രിട്ടീഷ കൌണ്‍സില്‍ ലൈബ്രറി അടച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടന്നു സെക്രട്ടറിയേറ്റിനു മുന്നിലെത്തും.
സാധാരണ കുമാരേട്ടന്‍ ഉണ്ടാവും, ഹജൂര്‍കച്ചേരിയുടെ മതില്‍ക്കെട്ടിന്‍റെ തിട്ടയില്‍.ഒറ്റയ്ക്ക്. കമ്പിയഴികളില്‍ ചാരി. ശാന്തമായ കണ്ണുകളില്‍ വാത്സല്യത്തിന്‍റെ നനവ്,

“ കുമാരേട്ടനൊരിടത്തും എത്തിപ്പറ്റീല. നീയ്യ് പഠിച്ചു മിടുക്കനായ് കളക്ടര്‍ പരീക്ഷ ജയിക്കണം. തുക്കിടി സായ്‌വായ് ചോപ്പ് ലൈറ്റിട്ട കാറില് നടക്കൊമ്പോ കുമാരേട്ടനെ മറക്വോ?”

കുമാരേട്ടന്‍ റ്റ്യൂട്ടോറിയല്‍ കോളേജില്‍ ഇകണോമിക്സ് പഠിപ്പിച്ചിരുന്ന കാലമായിരുന്നു. പഠിപ്പിക്കുന്നതു
കുമാരേട്ടനു ഹരമായിരുന്നു. എം‌പ്ലോയ്മെന്‍റ് എക്സേഞ്ചില്‍ നിന്നും 89 ദിവസത്തേയ്ക്ക് ബസ്സ്
കണ്ടക്ടറായപ്പോഴും പഴയ ശിഷ്യന്മാരെ ബസ്സിലെ ഫുട്ട്ബോര്‍ഡില്‍ ചാരിനിന്നു ഉറക്കെ പഠിപ്പിക്കും

“ what is inflation? The overall general upward price movement of goods and
services in an economy, usually as measured by the Consumer Price Index and
the Producer Price Index. Over time, as the cost of goods and services
increase, the value..........."

പെണ്‍കുട്ടികള്‍ അടക്കിച്ചിരിയ്ക്കും. മറ്റുയാത്രക്കാര്‍ പകച്ചു നോക്കും, ആണ്‍കുട്ടികള്‍ ആര്‍ത്തു വിളിയ്ക്കും.
കോമാളിയെപ്പോലെ കുമാരേട്ടന്‍ അടുത്ത ടോപ്പിക് തുടങ്ങും,

“ mixed economy means......"
കുട്ടികള്‍ കുമാരേട്ടനെ കുരങ്ങു കളിപ്പിക്കുന്നതു കാണാന്‍ വയ്യാഞ്ഞ് കുമാരേട്ടന്‍റെ ബസ്സില്‍ പിന്നെ പിന്നെ കയറാതായി.


രാവിലെ നടക്കാന്‍ സ്വാമിജിയും കൂടെ കൂടി. ഹാപ്പി വാലി വഴി ഗംഗാ ഹോസ്റ്റലും കടന്ന് തിബറ്റന്‍
സ്ക്കൂളുവഴി പോളോ ഗ്രൌഡിലെത്തി. സ്വാമിജി ബുദ്ധവിഹാരങ്ങളെക്കുറിച്ചും ദലൈ ലാമയെക്കുറിച്ചും
പറഞ്ഞു. ഐ ഏ എസ്സ് അക്കാഡമിയിലെ പ്രൊബേഷണേഴ്സ് ജോഗ് ചെയ്യുന്നു. സ്വാമിജിയെ കളിയാക്കാനായി
ഒരുവന്‍ ചോദിച്ചു,

“ ആര്‍ യൂ ഗോഡ്, ?”

സ്വാമിജി വെറുതേ പുഞ്ചിരിച്ചു.

ആ ജെ എന്‍ യൂ ക്കാരന്‍ ഐ ഏ എസ്സ് വിപ്ലവകാരി വിട്ടില്ല.

“ ഹേയ്യ്, യൂ ലൂക്ക് ലൈക്ക് ഒണ്‍”.

സ്വാമിജി വീണ്ടും പുഞ്ചിരിച്ചു,

“ യേസ് , ഐ ആം ഗോഡ്, ബട്ട് സോ ആര്‍ യൂ”. വേറൊരുത്തന്‍ കൂട്ടുകാരനു
വേണ്ടി സ്വാമിജിയോടു മാപ്പപേക്ഷിച്ചു. അവര്‍ ജോഗിങ് തുടര്‍ന്നു. ഗസ്റ്റ് ഹൌസിലേയ്ക്കു മടങ്ങും വഴിയ്ക്കു
സ്വാമിജി ശാന്ത സ്വരത്തില്‍ പറഞ്ഞു,

“ റ്റ്രൈ ആന്‍ഡ് കീപ്പ് യുവര്‍ മൈന്‍ഡ് കാം”


മനസ്സും ചിന്തകളും അശാന്തമാകാന്‍ ശീലിയ്ക്കുന്നതിനു മുമ്പുള്ള ഏതോ ഒരു പ്രഭാതത്തില്‍ ഞാന്‍ കുമാരേട്ടനെ കണികണ്ടു.
കുമാരേട്ടന്‍ കരയുന്നുണ്ടായിരുന്നു,അച്ഛന്‍റെ മുന്നിലിരുന്ന്,

“ കുട്ടമ്മാമേ, ഞാനിനി.......”

“നെന്നോടും നിന്‍റെ അഛനോടും ഞാനൊരു നൂറുവട്ടം പറഞ്ഞതാ , നമുക്കീ മാറ്റക്കല്യാണം വേണ്ടാ , വേണ്ടാന്ന്.
ആര് കേള്‍ക്കാന്‍!”

കുമാരേട്ടന്‍ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. പകരത്തിനു കുമാരേട്ടന്‍റെ പെങ്ങളെ അളിയനും പറഞ്ഞു വിട്ടു.


വര്‍ഷങ്ങള്‍ക്കു ശേഷം, തുക്കിടി സായ്‌വ് സ്ഥാനവും ചോപ്പു ലൈറ്റുള്ള വണ്ടിയുമെല്ലാം ത്യജിച്ച്, ഒരു സന്ധ്യയില്‍
ഞാന്‍ ഹജൂര്‍ കച്ചേരിയുടെ മതില്‍ത്തിട്ടയില്‍ കുമാരേട്ടനോടൊപ്പം ഇരുന്നു. മദ്യത്തിന്‍റെ ലഹരിയില്‍ കുമാരേട്ടന്‍
വേലുത്തമ്പിയെ സാക്ഷിയാക്കി കുടു കുടെ കരഞ്ഞു.

“ നെനക്കറിയ്യോ, എനിയ്ക്കവളെ വല്ലാതെ ഇഷ്ടായിരുന്നു. പക്ഷേങ്കി രാത്രി എന്നെ പൊത്തിപ്പിടിയ്ക്കുമ്പൊ അവള്‍ക്ക് അവളുടെ അച്ഛനെയാ ഓര്‍മ്മ വരുന്നെന്ന്..... ഇങ്ങനേം അച്ഛമ്മാരൊണ്ടാവ്വോ ഭൂമീല്?”


രാത്രി സ്വാമിജിയോടൊപ്പം ഭക്ഷണം. അദ്ദേഹം പറഞ്ഞു,

“ ഓം ഭദ്രം കര്‍ണ്ണേഭിഃ ശുണുയാമ ദേവാ ഭദ്രംപശ്യേമാക്ഷഭിര്‍ജയത്രാഃ......................”

ദെവങ്ങളേ, ഞങ്ങളുടെ കാതുകള്‍ മംഗളകരമായ കാര്യങ്ങള്‍ കേള്‍ക്കട്ടെ,കണ്ണുകള്‍ നല്ലതു കാണട്ടെ....


രാക്കിനാവില്‍ കുമാരേട്ടന്‍.

“ എനിയ്ക്കെന്തെങ്കിലും പറ്റീന്നറിഞ്ഞാ നീ ഓടിപ്പിടച്ച് വര്വൊന്നും വേണ്ട. പിന്നെ എന്നെങ്കിലും നാട്ടില്‍ വരുമ്പോ
ഇത്രടം വരെ ഒന്നു വന്നു പോയ്യാ മതീന്നെ”

ആര്‍ത്തിരമ്പി വരുന്ന ബസ്സിനുനേരേ കുമാരേട്ടന്‍ ജീവന്മുകതനായ് ശാന്തനായി.....

ഞെട്ടിയുണര്‍ന്നു.

ഇനി രാവിലെ ഈ സ്വപ്നവും പതിവുപോലെ ഓര്‍ക്കാന്‍ കഴിയില്ലായിരിക്കും

Saturday, November 1, 2008

ചിങ്കിനി

രാത്രികള്‍ക്ക് ഈയിടെയായി ഇളം തണുപ്പ്. കാലാവസ്ഥ മാറുന്നു. വെറും ജലദോഷത്തെപ്പോലും പേടിയാണ്. ഒരു വശം ചരിഞ്ഞു കിടക്കുമ്പോള്‍ സൈനസ് നിറഞ്ഞപോലെ. ആ വശത്തെ മൂക്കടയുമ്പോലെ. ശ്വാസം വലിയ്ക്കാന്‍ ഒരു നാസികാദ്വാരം തുറന്നിരിപ്പുണ്ട്. മറുവശം ചരിഞ്ഞു കിടക്കുമ്പോള്‍ അടഞ്ഞ സൈനസും, മൂക്കും പതുക്കെ തുറക്കും. തുറന്നിരുന്ന മൂക്ക് അടയും. മയക്കത്തിനും ഉണര്‍വിനുമിടയ്ക്കുള്ള അര്‍ദ്ധനിമിഷത്തില്‍ ഒരു ശ്വാസം തെറ്റിയപോലെ ഞെട്ടും. നാശം ഉറക്കം കെടുത്തി. വിക്സെടുത്തു മൂക്കിലും കഴുത്തിലും പുരട്ടുമ്പോള്‍ എവിടെയോ ആശ്വാസത്തിന്‍റെ ഒരു നിഴല്‍ കണ്ടെന്നു കരുതും.

ഇന്നത്തെ ഉറക്കം കെടുത്തിയത് ഒരു സഹപ്രവര്‍ത്തകനാണ്. നാല്‍പ്പത്തഞ്ചു കഴിഞ്ഞവന്‍. ഇന്നലെ രാത്രി 8.30 വരെ ഓഫീസില്‍. ഒരു പുസ്തകത്തിന്‍റെ ഇരുപത്തയ്യായിരം കോപ്പികള്‍ ദീപാവലിയ്ക്കിടയില്‍ പ്രിന്‍റ് ചെയ്യിക്കുകയാണു് ടാസ്ക്ക്. ക്ലെവര്‍ ഫെല്ലൊ. ഹൈദ്രാബാദിലെ മുസ്ലീം സുഹ്രുത്തുക്കളുടെ പ്രെസ്സില്‍ മാറ്റര്‍ കൊടുത്തയച്ചു. പ്രിന്‍റഡ് കോപ്പികള്‍ രാത്രി വണ്ടിയില്‍ തിരിച്ചെത്തിച്ചു. സബാഷ്. ഹീ കെപ്റ്റ് ഹിസ് റ്റൈം ലിമിറ്റ്.

രാവിലെ 12.30നു ഫോണ്‍. ബ്രെയിന്‍ ഹെമറേജ്. ഐ സീ യൂ വില്‍. പരാലിറ്റിക്ക് സ്റ്റ്രോക്കാണോ? ബീ പ്പി കൂടിയതാണോ? ക്ലോട്ട് അലിയുമോ? കയ്യില്‍ കാശുണ്ടാവുമോ? അവനു മക്കളെത്ര?

ബോസ് പറഞ്ഞു. “എല്ലാ ഹെല്‍പ്പും ചെയ്യണം. ബട്ട് ഹരിത് മേക്ക് ആള്‍റ്റര്‍നേറ്റ് അറേഞ്ജ്മെന്‍റ്സ്. ആഫ്റ്റര്‍ ആള്‍ വീ കാണ്ട് അഫോര്‍ഡ് ദ വര്‍ക്ക് റ്റു സഫര്‍.”

ഐ സീ യൂ വില്‍ അവനെ കാണാന്‍ പോയില്ല. എന്തിനു അടഞ്ഞ വാതിലിലെ ചില്ലുജാലകത്തിലൂടെ ഒരു നോക്കു കാണണം?

ഗൂഗിള്‍ റീഡര്‍ തുറന്നു. ഇഷ്ടപ്പെട്ട ബ്ലോഗുകളിലെ പോസ്റ്റുകള്‍ പെരുകുന്നു. നേരത്തേ വായിച്ചവയില്‍ ചിലതില്‍ കമന്‍റിടണമെന്നു കരുതിയെങ്കിലും, എന്തുകൊണ്ടോ ഒന്നും എഴുതാനും വരുന്നില്ല. വേണുവിന്‍റെ ബ്ലോഗില്‍ ‘ജീവിതം എന്തു പഠിപ്പിച്ചു എന്നതിന്‍റെ രണ്ടാം ഭാഗം വന്നിരിയ്ക്കുന്നു. ചിത്രങ്ങളും, ശബ്ദരേഖകളും, എഴുത്തും ഒക്കെ സാദ്ധ്യതകളാക്കിയുള്ള നല്ല പരീക്ഷണം. ആദ്യഭാഗം വായിച്ചപ്പോള്‍ ഒരു കോ - ഇന്‍സിഡന്‍സുപോലെ ജി. വേണുഗോപാലിന്‍റെ ശബ്ദത്തില്‍ ‘സഫലമീയാത്ര’ കേള്‍ക്കുകയായിരുന്നു.

“ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടുനില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറീടാം
വ്രണിതമാം കണ്ഠ്ത്തില്‍ ഇന്നുനോവിത്തിരി കുറവുണ്ട്...”

അഭിപ്രായമെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അറിയാതെ കണ്ടുപോയതു അന്നേദിവസം ബ്ലാസ്റ്റില്‍ ചിതറിപ്പോയ പന്ത്രണ്ട് ജവാന്മാരുടെ തുന്നിക്കെട്ടിയ ശവങ്ങള്‍ മൂടിപ്പൊതിഞ്ഞ തുണിക്കെട്ടുകളെയായിരുന്നു. വസന്തത്തില്‍ വീണ്ടും ഇടിമുഴക്കം. നേര്‍ച്ചക്കോഴികളാവുന്ന ഇവരും ജീവിതത്തെ എന്നെപ്പോലെ തന്നെ സ്നേഹിച്ചിരുന്നില്ലേ? പട്ടാളക്കാരും മറ്റും ജീവിതം പണയം വയ്ക്കുന്നതു ജീവിതത്തെ അതിയായി സ്നേഹിക്കുന്നതു കൊണ്ടാവും അല്ലേ?

ജനറല്‍ സുന്ദര്‍ജിയെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു ഒരിക്കല്‍.

“ആള്‍ ഹൂമന്‍ ബീയിങ്സ് ലവ് റ്റു ലിവ്. ഡു യൂ ഥിങ്ക് ഇറ്റ് ആസ് അ ജോക്ക് റ്റു കണ്‍‌വേര്‍ട്ട് ഹിം റ്റു അ ബ്രേവ് സോള്‍ജ്യര്‍ വില്ലിങ് റ്റു സാക്രിഫൈസ് ഹിസ് ലൈഫ് ഫോര്‍ ദ കണ്ട്രി?”

അദ്ദേഹത്തിനു ‘തങ്കപ്പതക്കത്തിലെ’ശിവാജി ഗണേശന്‍റെ സൌന്ദര്യമായിരുന്നു.

അസമിലെ ബ്ലാസ്റ്റുകളിലെ മരണം എഴുപത്തി ഒന്നു കഴിഞ്ഞു. കാണ്ടമാലില്‍ മര്‍ദ്ദനമേറ്റ ഫാദര്‍ ബര്‍ണാഡ് മരിച്ചു. ഉത്തരേന്ത്യക്കാരനായ റ്റ്രെയിന്‍ യാത്രക്കാരനെ മുംബൈയില്‍ തല്ലിക്കൊന്നു. മുംബൈയില്‍ തോക്കുചൂണ്ടിയ യുവാവിനെ പൊലീസ് വെടിവച്ചു കൊന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടു മലയാളികളും.

ഹരിത്, നിങ്ങള്‍ വേണുവിന്‍റെ ‘ജീവിതം എന്തു പഠിപ്പിച്ചു’ എന്നതിന്‍റെ രണ്ടാം ഭാഗത്തിനും അഭിപ്രായമെഴുതിയില്ലല്ലോ!

പണ്ടൊരു സ്റ്റഡീക്ലാസ്സില്‍ ഭൌതികവാദം പഠിപ്പിച്ചപ്പോള്‍ ചാര്‍വാക മതം പറഞ്ഞതോര്‍ക്കുന്നു.

“റൃണം കൃത്വാ ഘൃതം പിബേത്, ഭസ്മീ ഭൂതസ്യ ദേഹസ്യ പുനരാഗമനം കുതഃ” എന്നോ മറ്റോ.

പിന്നീടു തോന്നി ജീവിതം ഒരു തീ നാളമാണെന്നു. ജനനത്തിനും മരണത്തിനുമിടയില്‍ കത്തിയെരിയുന്ന വെറുമൊരു തീ നാളം. നിറവും നിഴലും ചൂടും ചൂരും ഉള്ള ഒരു യഥാര്‍ത്ഥ ഊര്‍ജ്ജം. ഒന്നൂതിയാലോ , ഒരു കാറ്റടിച്ചാലോ, എണ്ണ തീര്‍ന്നുപോയാലോ കെട്ടു പോകുന്ന ഒരു തീനാളം. അണഞ്ഞുപോയതിനു ശേഷം ആ നാളത്തിന്‍റെ വെളിച്ചമെവിടെപ്പോയി, ചൂടെവിടെപ്പോയി എന്നൊക്കെ അന്വേഷിയ്ക്കുന്നതു ആത്മാവിനെ തേടുന്നതു പോലെ വൃഥാ വ്യായാമമാണെന്നും മറ്റും ഫിസിക്സും, ഐന്‍സ്റ്റനും പഠിച്ചിട്ടുണ്ടെങ്കിലും തോന്നിപ്പോയി.

സ്ഥിരമായ മാസവരുമാനവും, വീടും, കാറും, വീട്ടുപകരണങ്ങളും, ജോലിക്കാരും, കാവല്‍ക്കാരും, റ്റീവിയും , മൊബൈലുകളും, ഇന്‍റെര്‍നെറ്റും, ബ്ലോഗും, കഥകളും , കവിതയും, പാട്ടും, കൂട്ടുകാരും,വീട്ടുകാരും ഒക്കെയുള്ള ഹരിതിനെ ജീവിതം എന്തു പഠിപ്പിച്ചു? ജീവിതത്തില്‍ നിന്ന് എനിയ്ക്കെന്തു കിട്ടി എന്നു ചിന്തിക്കാന്‍ പഠിപ്പിച്ചു. മരണത്തെ ഇടയ്ക്കിടെ പേടിക്കാന്‍ പഠിപ്പിച്ചു. എന്നാലും എനിയ്ക്കും എന്‍റെ അമ്പട്ടനും എന്‍റെ തട്ടാനും ഒരിയ്ക്കലും മരണമുണ്ടാവില്ല എന്നാശ്വസിയ്ക്കാന്‍ പഠിപ്പിച്ചു. കാര്യകാരണമില്ലാതെ ചിതറിത്തെറിച്ചും, തല്ലുകൊണ്ടും മരിച്ചു വീഴുന്നവരിലൊന്നും ഞാനുണ്ടാവില്ലെന്നു ചിന്തിയ്ക്കാന്‍ പഠിപ്പിച്ചു.

ഇടതു മൂക്ക് വീണ്ടും അടഞ്ഞു. രാമദേവ് ബാബയുടെ പ്രാണായാമം നാളെ മുതല്‍ തുടങ്ങണം.സൈനസിനും ബീപ്പിയ്ക്കും ഡൈയബെറ്റിക്കിനും ഒക്കെ വളരെ നല്ലതാണെന്നു കേള്‍ക്കുന്നു. മൂക്കടപ്പു അസഹ്യമാകുമ്പോള്‍ ഉപയോഗിക്കാന്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന ‘ചിങ്കിനി’ യുനാനി പൊടിക്കുപ്പി തുറന്നു. ഒരല്പം പൊടി ഉള്ളം കൈയില്‍ തട്ടി. തള്ളവിരലിനും ചൂണ്ടാണി വിരലിനുമിടയില്‍ അല്പം ചിങ്കിനി പൊടി നുള്ളി. മൂക്കിലെ രണ്ടു ദ്വാരങ്ങളിലൂടെയും ശക്തിയായി വലിച്ചു കയറ്റി. തീക്ഷ്ണമായ മണം, എരിഞ്ഞു കയറുന്ന സുഖം. ഹാഛ്ഹീ .... തുമ്മലോടു തുമ്മല്‍. മൂക്കടപ്പു മാറി.

വേണൂജീ, ജീവിതം എന്നെ ഇന്നൊരു കാര്യം പഠിപ്പിച്ചു; സൈനസ് പ്രോബ്ലം അസഹ്യമാകുമ്പോള്‍ ചിങ്കിനി യുനാനിപ്പൊടി വലിച്ചാല്‍ മൂക്കടപ്പു മാറും എന്ന സത്യം!

ഐ സീ യൂ വില്‍ ജീവനു വേണ്ടി കാത്തുകിടക്കുന്ന സഹപ്രവര്‍ത്തനെ ഓര്‍ത്ത് ഇനി ഞാനും ഒന്നു മയങ്ങാന്‍ കിടക്കട്ടെ.

കടപ്പാട്: വേണുവിന്‍റെ വലിയലോകത്തിലെ പോസ്റ്റുകള്‍