Thursday, September 13, 2007

വസന്തത്തിലെ ഇടിമുഴക്കം.

മഹേഷ് പറഞ്ഞ അമ്മയുടെ കഥ: സത്യമേവ ജയതേ


കനു സന്യാലിന്‍‌‌റെയും ചാരു മജുംദാരിന്‍‌റെയും വിപ്ലവ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയ രാത്രികളിള്‍, വിപ്ലവ സാഹിത്യങ്ങള്‍ വായിച്ചറിഞ്ഞ ഉന്മേഷത്തില്‍ , ഒരു ദളിതോ, ആദിവാസിയോ ആയി ജനിക്കാത്തതില്‍ ഖിന്നനായി നടന്ന നാളുകളില്‍,അമ്മ പറഞ്ഞു, ‘ മോനേ , നീയാണെന്റെ ജീവന്‍, എന്റെ സ്വപ്നം, നീ നന്നായി വരണം, നന്നായി പഠിക്കണം, എങ്കിലേ എന്റെ ഈ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരൂ’.... ദാനമായി കിട്ടുന്ന പഴം ചോറ്, വിളമ്പി തരുമ്പോള്‍ അമ്മക്കു അഭിമാനമായിരുന്നു

“ മക്കളെ, ആരുടെ മുന്‍പിലും തെണ്ടിയോ അഭിമാനം വിറ്റോ കൊണ്ടു വരുന്നതല്ല ഈ ചോറ്,‘

അന്നു അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയില്ല രാത്രി ഉറങ്ങാതെ ഹെഗലിന്റെ തിയറിയും, മാറ്റത്തിന്റെ മന്ത്രങ്ങളൂം പഠിച്ചു. ചാര്‍വാക സിദ്ധാന്തം, ഡേവിഡ് ഗസ്റ്റിന്റെ മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം, എല്ലാത്തിലും മനസ്സു ഉഴറി.അമ്മ എന്നും രാവിലെ 5.30 നു യാത്ര ആകും. വീടു വീടാന്തരം............ ക്രിസ്റ്റഫര്‍ കോട്വല്‍ പറഞ്ഞ ആനന്ദലഹരിയില്‍ ഞാനും അലിഞ്ഞു, അനിയത്തിമാര്‍ എന്നും ഒരു ശല്യമായിരുന്നു. തൊള്ള തുറഞ്ഞു കരയുമ്പോള്‍ , അമ്മ വരണ്ട ശബ്ദത്തില്‍ “ പാട്ടു പാടി ഉറക്കാം ഞാന്‍, താമരപൂം പൈതലേ” എന്നു പാടും. വളരെ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞതു, പി . സുശീലയുടെ ആദ്യ പോപുലര്‍ ഗാനം ആണു അതെന്നു. ഇപ്പോള്‍ ഇടക്കിടെ ഐ- പൊഡില്‍ ഈ പാട്ടു കേള്‍ക്കും.........വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു പോകുമ്പോള്‍ ലാപ് റ്റൊപില്‍ കണെക്റ്റു ചെയ്തു ഈപാട്ടു കേള്‍പ്പിക്കും അമ്മയെ. ആശ്രമത്തില്‍ ഒരാള്‍ക്കു മാത്രമായി ഇതൊന്നും പാടില്ലെന്നു സിസ്റ്റെര്‍ പറയും. ഇപ്പൊള്‍ തള്ളക്കു ഈ പാട്ടു കേട്ടാലും ഒരു ഫീലിങ്സും ഇല്ലെന്നു തോന്നുന്നു. സെനൈല്‍ ആയിരിക്കും . ചുമ്മാ അങ്ങനെ ഇരിക്കും പ്രതിമ പോലെ.. മരുന്നുകള്‍ കൊടുക്കുന്നുണ്ടു. , മരുന്നു കൊടുത്താല്‍ ശരി ആവും ആയിരിക്കും.

അഡ്ഡിഷണല്‍ ഡിജിയുടെ ഫോണ്‍:

“ യെസ് സര്‍”

കാട്ടിനുള്ളിലെ വേട്ട്ക്കു പോകാന്‍ സമയമായി............ കൊല്ലിനും കൊലക്കുമിടയില്‍, മനസ്സില്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങളുമായി അമ്മ...... അനങ്ങാതെ , അറിയാതെ ചുമ്മാ ഇരിക്കുന്നു......... നാലുമക്കളുള്ള അമ്മ.

Saturday, September 8, 2007

റിമ്പോച്ചേയുടെ വിരല്‍ സ്പര്‍ശം








ശീതക്കാറ്റും നീര്‍ത്തുള്ളികളും:



പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു പ്രഭാതത്തില്‍ റിമ്പോച്ചേ ‘ലാച്ചുനി‘ ലെ അവസാനത്തെ ഗ്രാമത്തില്‍ നിന്നും ഹിമാലയ സാനുക്കളിലേക്കു യാത്ര തിരിച്ചു. വരാന്‍ പോകുന്ന നല്ല നാളുകളെ പ്രവചിച്ചു, ഗ്രാമവാസികളോട് വിട പറഞ്ഞു. വാഴയിലയില്‍ പൊതിഞ്ഞ കുറച്ചു ചോറ് പാഥേയമായി കരുതി ഗുരു റിമ്പോച്ചേ.



പതിനെണ്ണായിരം അടി ഉയരത്തിലു‍ളള മഞ്ഞുമലയിലെവിടെയോ ഗുരു ഏകാന്തനായി ധ്യാനത്തില്‍ മുഴുകി.ചെമ്മരി ആടു മേയ്ച്ചു അലഞ്ഞു നടക്കുന്ന ഇടയന്മാര്‍ റിമ്പോച്ചേയെ പദ്മസംഭവന്‍ എന്നും വിളിച്ചു.


അല്‍ഭുതം, !! യാത്രക്കിടയില്‍ ഗുരു അവിടവിടെ വിതറിയ പൊതിച്ചോര്‍ വറ്റുകള്‍, അന്നുവരെ പച്ചപ്പു കണ്ടിട്ടില്ലാത്ത മഞ്ഞുമലഞ്ചരിവിലെ മരവിച്ച മണ്ണില്‍ നെല്‍ച്ചെടി പുളകങ്ങളായി മാറിയത്രെ! വഴിയോരങ്ങളില്‍ കുഴിച്ചിട്ട വാഴയിലച്ചിന്തുകള്‍ വാഴക്കന്നുകളായി മുളച്ചു! കൊടും ശീതക്കാറ്റില്‍ ഇന്നും ഇളകിയാടുന്ന നെല്‍വയലുകളും , വാഴത്തോട്ടങ്ങളും റിമ്പോച്ചേയുടെ വരദാനങ്ങള്‍.


ശിശിരത്തില്‍ ആ ഹിമശൃംഗത്തിലെ എല്ലാ ഉറവകളും, ഓരോ നീര്‍ത്തുള്ളിയും ഘനീഭവിച്ചു. ആട്ടിടയന്മാര്‍ കുടിവെള്ളത്തിനായി ഉഴറി. റിമ്പോച്ചെയെ കണ്ടു സങ്കടം പറഞ്ഞു. പ്രാര്‍ത്ഥിച്ചു. ഗുരു പാദങ്ങളില്‍ ശരണം പ്രാപിച്ചു.


“ ബുദ്ധം ശരണം ഗച്ഛാമി......”



റിമ്പോച്ചേ കരുണാര്‍ദ്രമായി അവരെ കടാക്ഷിച്ചു। മസൃണമായ കൈവിരലുകള്‍ കൊണ്ട് റിമ്പോച്ചേ, ഉറഞ്ഞു കട്ടിയായ മഞ്ഞില്‍ പതുക്കെ ഒന്നു സ്പര്‍ശിച്ചു. പ്രാര്‍ത്ഥിക്കുന്ന മനസ്സുകള്‍ക്കൊപ്പം മഞ്ഞും ഉരുകി, തുഷാരകണങ്ങളായി, നീര്‍ത്തുള്ളികളായി. പിന്നെ ഏതു കൊടും ശൈത്യത്തിലും ഒരിക്കലും ഉറയാത്ത അമൃത തടാകമായി. ഗുരു തീര്‍ത്ഥമായി ഈ മനോഹര തീരം.







(ഗുരു ദോങ്മാര്‍ ലേക്ക്: 17600 ഫീറ്റ്, നോര്‍ത്ത് സിക്കിം. 2007 ജൂണ്‍ മാസത്തില്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.)