Wednesday, January 30, 2008

നമത് വാഴ്വും കാലം

മില്‍മയുടെ പാലിന്റെ വിലകൂട്ടുന്നതില്‍ കേരള മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുക്കുന്നതിനെ ആനുഷംഗികമായി പരാമര്‍ശിച്ചുകൊണ്ട് നമ്മുടെ നമതു വാഴ്വും കാലത്തിന്റെ ഒരു പോസ്റ്റ് എനിക്കു ഇഷ്ടപ്പെട്ടു. അത്ഇവിടെ അതിലിട്ട ഒരു കമന്റ് ഒരു പോസ്റ്റായിട്ടും വേണമെങ്കില്‍ നില്‍ക്കാനുള്ള യോഗ്യതയുണ്ടെന്നു തോന്നി. പണ്ട് രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിച്ച ഒരു പാഠം ഓര്‍മ്മവന്നു. എം. ടിയുടെ ഏതോ ഒരു സിനിമയിലും (നിര്‍മാല്യമാണെന്നു തോന്നുന്നു) ഇതു ഉപയോഗിച്ചിട്ടുണ്ട്. നമതു വാഴുന്ന ഇക്കാലത്ത് എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനും സ്വന്തം കാര്യക്ഷേത്രത്തിനപ്പുറത്തു പോയി ആളാവാന്‍ ശ്രമിക്കുകയാണു ഫേഷന്‍. അതു കണ്ട് കൈയടിക്കാന്‍ നമ്മള്‍ കുറച്ചു മീഡിയാക്കാരും , അച്ചടിക്കുന്നതൊക്കെ വേദവാക്യമാണെന്നു കരുതുന്ന കേരളത്തിലെ മീഡിയാമാനിയാക്കായ കുറെ ജനങ്ങളും!
വേറെ മനുഷ്യാവകാശധ്വംസനങ്ങളൊന്നും ഒരിക്കലും നടക്കാത്ത കേരളത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ ഒരു ജോലി സ്വയം കണ്ടുപിടിച്ചല്ലൊ!!!!!...സന്തോഷം.!!!!!( ഗോവിന്ദന്‍ കുട്ടിക്ക് സിന്ദാബാദ്)

ഇനി ആ കമന്റ്:

“അമ്മ എനിക്കു ദിവസവും കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയ്ന്നതു? മനുഷ്യാവകാശക്കമ്മീഷനെ പേടിച്ചാണു അമ്മ കരയുന്നത്.”

വി. ദക്ഷിണാമൂര്‍ത്തി ഏതൊ ടി വി ഷോയില്‍ പറയുന്നതു പോലെ ..:
“ ഇത്തറേ ഒള്ളൂ” ഇതിനപ്പുറം എന്താ പറയുക മനുഷ്യാവകാശക്കമ്മീഷന്റെ ആക്റ്റിവിസത്തെക്കുറിച്ചു?

Monday, January 28, 2008

മനുഷ്യാവകാശധ്വംസനം-പ്രതികരണം

‘വായന’യിലെ ‘ഗോവിന്ദന്‍ കുട്ടിയെ മോചിപ്പിക്കുക’ എന്ന പോസ്റ്റിനൊരു പ്രതികരണം


“ആശയ പ്രകാശനത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും” അടിവരയിടുന്ന ഭാരതത്തിന്റെ ഭരണഘടനയുടെ കുറ്റകരമായ ലംഘനം തന്നെയാണ് ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
* * *
വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഒരു പത്രം നടത്തിയിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന്റെപത്രം നിയമ വിരുദ്ധമായിരുന്നു എന്ന പേരില്‍ അടച്ചു പൂട്ടിയിട്ടില്ല
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാണ്
* * *
എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .
* * *
‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി.
ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല
* * *

മുകളില്‍ കൊടുത്തിരിക്കുന്നത് B.R.P Bhaskar സാറിന്റെ ‘വായന’ എന്ന ബ്ലോഗില്‍ പീപ്പ്ള്‍സ് മാര്‍ച്ച് എഡിറ്റര്‍ പി. ഗോവിന്ദന്‍ കുട്ടിയെ കേരള
ഗവര്‍മെന്റ് അറസ്റ്റ് ചെയ്തതിനെതിരെയുള്ള പോസ്റ്റിലെ കമന്റ്സില്‍ നിന്നും എടുത്ത കുറച്ചു വരികള്‍ ആണു. അഞ്ചല്‍ക്കാരന്‍, ഭാസ്കര്‍ സര്‍, കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, ഭൂമിപുത്രി എന്നിവര്‍ക്കൊപ്പം ഞാനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദയവായി ഇവിടെ നോക്കുക
ഇപ്പോള്‍ എനിക്കു പറയാനുള്ളത് ഒരു കമന്റിന്റെ പരിധിയില്‍ നില്‍ക്കുമോ എന്നുള്ള സംശയം കൊണ്ടാണു ഇങ്ങനെ ഒരു പോസ്റ്റാക്കിയത്. ആദ്യമേ തന്നെ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തോട്ടെ. എന്റെ കമന്റു വായിച്ചവര്‍ക്കു ഞാന്‍ അറ്സ്റ്റിനെ ന്യായീകരിക്കുന്നതായോ, മനുഷ്യാവകാശലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവനോ ആയി തോന്നിയിട്ടുണ്ടെങ്കില്‍, അതു എന്റെ എഴുത്തിന്റെ സ്പഷ്ടത ഇല്ലായമകൊണ്ടും, ആര്‍ജ്ജവമില്ലായ്മ കൊണ്ടും, ഞാന്‍ ഉദ്ദേശിക്കാതെ തന്നെ
വന്നു പെട്ട അബദ്ധമാണ്.

The arrest of the editor and the foisting of fake charges against him are nothing but an attempt of the GOI of India to further stifle freedom of speech in the country. It displays the fascist character of the government and the cowardly action of the Kerala police. എന്നും

We demand the immediate and unconditional release of Com Govindan Kutty and
allow the continued publication of People's March എന്നും ഒക്കെ എഴുതിയപെറ്റിഷനില്‍ ഒപ്പിടുന്നതിനു മുന്‍പ് വിഷയത്തെ അല്പംകൂടെ മനസ്സിലാക്കി , ഒരു അഭിപ്രായരൂപീകരണം സ്വയം നടത്തേണ്ടതുണ്ടെന്നു ഒരു ഓപ്പണ്‍ കമന്റ് പറഞ്ഞു എന്നേയുള്ളൂ. മറ്റുള്ളവര്‍ ഒപ്പിടുന്നതിനെ സന്തോഷത്തോടെ ഞാനും പിന്താങ്ങുന്നു.

ഏറ്റവും മുകളില്‍, ‘വായന’ യില്‍ വന്ന കമന്റുകളുടെ ചിലഭാഗങ്ങള്‍ എടുത്തെഴുതിയത് ഒരു ഒറ്റ കാര്യം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു: ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഭരണഘടനയെയും, വ്യക്തിസ്വാതന്ത്ര്യത്തേയും, ജനാധിപത്യത്തേയും, നിയമവാഴ്ച്ചയേയും , ജുഡിഷ്യറിയേയും ഒക്കെ അംഗീകരിക്കുന്നവരാണ്. മനുഷ്യാവകാശധ്വംസനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ചുരുക്കം ചില നല്ല മനുഷ്യരില്‍പ്പെടുന്നവരാണ്.

പക്ഷേ എനിക്കെന്തോ പെറ്റിഷന്റെ ഡ്രാഫ്റ്റ് തന്നെ മനസ്സിനു പിടിക്കാത്തതു പോലെ. ഡ്രാഫ്റ്റിലെന്തു കാര്യം, വിഷയത്തിന്റെ ഗൌരവം അല്ലേ പ്രധാനം എന്നു ചോദിച്ചാല്‍, വിഷയത്തിന്റെ പ്രാധാന്യം പെറ്റിഷനിലും പ്രതിഫലിക്കണം എന്നു തന്നെയാണു എന്റെ മതം.‘ പൊലീസ്’ ഒരു സ്റ്റേറ്റ് സബ്ജക്റ്റ് ആണെന്നിരിക്കെ, ഒരു പൊലീസ് കമ്മീഷണറോ, കേരളാ ഗവര്‍മെന്റോ എഡിറ്റര്‍ക്കെതിരായി കള്ളക്കേസ് കെട്ടിച്ചമച്ചാല്‍ അതെങ്ങിനെയാണു nothing but an attempt of the GOI of India to further stifle freedom of speech in the country ആവുന്നതെന്നു എനിക്കു മനസ്സിലായില്ല. കേന്ദ്ര ഗവര്‍മെന്റ് നിയമപരമായി എന്തു ചെയ്യണമെന്നാണു നമ്മുടെ ഡിമാന്റ്? കേസ് പിന്‍വലിക്കാന്‍ വേണ്ടി എന്തെങ്കിലും മോറല്‍ പ്രഷര്‍ കേരളാ
ഗവര്‍മെന്റിനെമേല്‍ ചെലുത്തണമെന്നാണെങ്കില്‍, ‘അനാവശ്യവും ഭരണഘടനാവിരുധവുമായ കേന്ദ്ര ഗവര്‍മെന്റ് കൈകടത്തല്‍’ എന്ന ആരോപണത്തിന്റെ സാധ്യതയെ മറന്നുകൊണ്ട്തന്നെ ഞാന്‍ പിന്തുണക്കുന്നു, കൈയ്യൊപ്പിടുന്നു. പക്ഷേ അതിനു പാര്‍ട്ടി ലഘുലേഖകളില്‍ കാണുന്ന ചര്‍വിതചര്‍വണം ചെയ്ത ഈ ക്ലീഷേനിറഞ്ഞ മുദ്രാവാക്യങ്ങളല്ല പെറ്റിഷനില്‍ കാണേണ്ടത്. അതിനു വേറേ ഭാഷ തന്നെ വേണം. പിന്നെ fascist character of the government എന്ന അടുത്ത വരി കേരള ഗവര്‍മെന്റിനെക്കുറിച്ചാവണമെന്നാണ് എന്റെ ആശ. പക്ഷേ It displays എന്നു വാക്യം തുടങ്ങുന്നതുകൊണ്ട് അത് GOI ക്കുറിച്ചാണെന്നു തോന്നിപ്പോകുന്നു.

(GOI of India ഒരു റ്റൈപ്പിങ് എറര്‍ ആവണം,)

ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് കാര്‍ഡില്ലാത്തതുകൊണ്ട് ഗോവിന്ദന്‍കുട്ടിസാറിനെ Com Govindan Kutty എന്ന് വിളിക്കാന്‍ ഒരു ഏനക്കേട് പോലെ. അതു ശീലമില്ലാത്തതു കൊണ്ടാവും. പാര്‍ട്ടിക്കാരല്ലാത്ത പലരെയും കൂടി ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പെറ്റിഷനില്‍ ആ കോമ്രേഡ് വിളി മുഴച്ചുതന്നെ നില്‍ക്കുന്നു.

പക്ഷേ എനിക്കു ഗോവിന്ദന്‍ കുട്ടിസാറിന്റെ അറസ്റ്റില്‍ വല്ലാത്ത പ്രതിക്ഷേധമുണ്ട്. ഭരണകൂടങ്ങള്‍ ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍
നടത്തിക്കൊണ്ടേയിരിക്കുന്നു. സിവില്‍ സൊസൈറ്റിയുടെ പതിക്ഷേധം അവഗ്ഗണിക്കപ്പെടുന്നു. PUCL activist ആയ ഡോ. ബിനായക് സെന്‍ മാസങ്ങളായി
ജയിലിലാണു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതിക്ഷേധിച്ചിട്ടും ഛത്തീസ്ഗഡ് സര്‍ക്കാര്‍ സെഷന്‍സ് കോടതിയിലും , ജില്ലാ കോടതിയിലും, ഹൈ കോടതിയിലും , സുപ്രീം കോടതിയിലും ഡോ. സെനിന്റെ ജാമ്യത്തെ എതിര്‍ത്ത് വിജയിച്ചിരിക്കുകയാണു. ഇപ്പോള്‍ സെന്നിന്റെ റിവ്യൂ പെറ്റീഷനും സുപ്രീം കോടതി തള്ളി. ( ഇതിലും കേന്ദ്രസര്‍ക്കാര്‍ നിരപരാധിയാണു.) ഇങ്ങനെ സംഭവിച്ചത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതികളെ തെറ്റിധരിപ്പിക്കുന്നതില്‍ വിജയിച്ചു എന്നു ആക്റ്റിവിസ്റ്റ്സും; ഡോ. സെന്നിനെതിരായ തെളിവുകള്‍ ശക്തമായതുകൊണ്ട് കോടതികള്‍ ജാമ്യം നിഷേധിച്ചു എന്നു സര്‍ക്കാരും പറയുന്നു.
പണ്ട് ഈ. എം. എസ്സ് കോടതികളെക്കുറിച്ചു പറഞ്ഞതു ഓര്‍ത്തുപോകുന്നു. അപ്പോള്‍ ഭൂമിപുത്രിയുടെ “‘നോട്ടപ്പിശകുകള്‍’പരിഹരിയ്കാനാണല്ലൊ
നമുക്കൊരു ജുഡീഷ്യറി. ശിക്ഷവിധിയ്ക്കാന്‍ നമുക്കവകാശമില്ല“ എന്ന ഈ കമന്റിനോട് എന്താണു നമ്മുടെ പ്രതികരണം? ഛത്തീസ്ഗഡിലെ ചില
ഡ്രാക്കോണിയന്‍ നിയമങ്ങള്‍ക്കു മുന്‍പില്‍ കോടതികളും നിശ്ശബ്ദവും നിശ്ശക്തവും ആയിപ്പോകുന്നോ? ഇന്നലെ ഡോ. ബിനായക് സെന്‍, ഇന്നു ഗോവിന്ദന്‍ കുട്ടി. ഇനി നാളെ നന്ദിനി സുന്ദറോ, സിദ്ധാര്‍ദ്ധ് വരദരാജനോ, രാമചന്ദ്രഗുഹയോ നിങ്ങളോ ഞാനോ ആകാം പ്രതി. വീട്ടില്‍ കമ്മ്യൂണിസ്റ്റ് മാനുഫെസ്റ്റോ കണ്ടെടുത്തെന്നോ, കമ്പ്യൂട്ടറില്‍ നിന്നും മനുഷ്യാവശങ്ങള്‍ക്കനുകൂലമായി ബ്ലോഗ്ഗ് എഴുതിയ ഹാര്‍ഡിസ്ക് കിട്ടി എന്നൊക്കെയായിരിക്കും ചാര്‍ജ്.

തുടക്കത്തിലേ എഴുതിയതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലം നിയമവാഴ്ചയെ മാനിക്കുന്നവരാണ്. അതുകൊണ്ടാണല്ലൊ എല്ലാ നിയമങ്ങളെയും പാലിച്ചുകൊണ്ടാണ് ഗോവിന്ദന്‍ കുട്ടിസാര്‍ പത്രം നടത്തുന്നത് എന്നു വീണ്ടും വീണ്ടും പറഞ്ഞത്. ഈ നിയമവിധേയത്വം പെറ്റീഷനിലും പ്രതിഫലിക്കുന്നു:

It is a fully legal publication registered by the Government of India with the RNI number KER ENG/2000/2051 and the postal registration number: KL/EKM/614/2007-09. The magazine has been coming out for over 7 years meeting all the requirements of the government. എന്നു എഴുതിയതു അതുകൊണ്ടായിരിക്കണമല്ലോ?

RNI number ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ട് പത്രത്തിലെഴുതുന്ന കണ്ടെറ്റ് എല്ലാം നിയമവിധേയമായിക്കൊള്ളും എന്നു അര്‍ത്ഥമുണ്ടോ? സെയില്‍ റ്റാക്സ് രെജിസ്റ്റ്രേഷന്‍ ഉള്ള ഒരു കടയില്‍ നിന്നും മയക്കുമരുന്ന്കളും കഞ്ചാവും വില്‍കുന്നത ലീഗല്‍ ആണെന്നു പറയുന്നതു പോലെ ബാലിശമല്ലേ ആ വാദം? അങ്ങനെ നിയമപരമായി നടത്തുന്ന പത്രത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന വാക്യത്തിനു തൊട്ടു മുന്‍പുള്ള വരി ശ്രദ്ധിക്കൂ:

what is PEOPLES MARCH?

People's March is an independent revolutionary paper. It supports revolutionary movements including the Maoist movements in India, Nepal and elsewhere.

നിയമത്തെപ്പിടിച്ചു പത്രത്തിന്റെ ലീഗാലിറ്റിയെക്കുറിച്ചു പറയുന്ന പെറ്റിഷന്‍, എത്ര കാഷ്വല്‍ ആയാണ് PEOPLES MARCH നെ പ്രസിഡന്റ് ഒഫ് ഇന്‍ഡ്യക്കും പ്രയിം മിനിസ്റ്റര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുനത്? ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും നിയമവിരുദ്ധമെന്നു ഗവര്‍മെന്റ് നോട്ടിഫൈ ചെയ്തിട്ടുള്ള Maoist movements നെക്കുറിച്ചാണീ പറഞ്ഞിരിക്കുന്നത്! ഈ ആര്‍ഗുമെന്റിലെ വൈരുദ്ധ്യാത്മകത എനിക്കു ദഹിക്കുന്നില്ല.പെറ്റിഷനിലെ ഈ കുമ്പസാരം ഗോവിന്ദന്‍ കുട്ടിസാറിന്റെ നിരുപാധികമായി മോചിപ്പിക്കാന്‍ എങ്ങിനെ സഹായകമാകും? ഒന്നുകില്‍ ബൂര്‍ഷ്വാനിയമങ്ങള്‍ക്കുമപ്പുറത്ത് നമ്മുടെ വാദമുഖങ്ങളെ അടിസ്ഥാനമാക്കുക. അല്ലെങ്കില്‍ നിയമത്തെ മാനിച്ചുകൊണ്ട്, നിയമപരമായി വാദിക്കുക. ഇതൊന്നുമില്ലാതെ വിഷയത്തോടുള്ള വികാരപരമായ ഒരു വെറും പ്രതികരണമാണു പെറ്റിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ നമ്മളെല്ലാം നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന മനുഷ്യാവകാശം തന്നെയായിരിക്കും ഇവിടെ കാഷ്വാലിറ്റി.

പ്രസിഡന്റിനു 500 ഓ 1000 ഓ ആളുകള്‍ ഓണ്‍ ലയിന്‍ പെറ്റിഷന്‍ അയച്ചു എന്ന രണ്ടു കോളം വാര്‍ത്തയല്ലല്ലോ നമ്മുടെയൊക്കെ ഉദ്ദേശം.

അതുകൊണ്ട്തന്നെ ഈ പെറ്റീഷനില്‍ ഒപ്പിടാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. ഇതിനര്‍ത്ഥം ഞാന്‍ മനുഷ്യാവകാശധ്വംസനത്തെ അനുകൂലിക്കുന്നവനാണെന്നു ദയവായി കരുതരുതേ. ജോര്‍ജ് ബുഷിനെപ്പോലെ either you are with us or against us എന്നു ഇവിടെ ആരും പറയില്ല എന്നെനിക്കു അറിയാം.

കമന്റ്സില്‍ പരാമര്‍ശിച്ച മുഖ്യധാരാ കക്ഷികളുടെ പരാജയത്തേയും മാവോയിസ്റ്റ് പോലെയുള്ള റെവല്യൂഷനറി മൂവ്മെന്റ്സിന്റെ സാംഗത്യത്തെയും കുറിച്ചുള്ള ചര്‍ച്ച പിന്നൊരവസരത്തിലേക്കയിക്കൊട്ടെ.

ഗോവിന്ദന്‍ കുട്ടി സാറിനും മനുഷ്യാവകാശത്തിനും വേണ്ടി ഞാനും എന്റേതായ രീതിയില്‍ കേരളാസര്‍ക്കാറിനെതിരേ പ്രതിക്ഷേധിക്കുന്നു.

Friday, January 25, 2008

ഒറ്റയ്ക്ക്

ഒറ്റയ്ക്കിരിക്കുമ്പോള്‍
എന്തു ചെയ്യാനാ?
എങ്ങോട്ട് പോകാനാ?
കരിയിലക്കൊമ്പിലെ പക്ഷിയെപ്പോലെ
കൂട്ടുകൂടാതെ,
മൂകമായി, മ്ലാനമായി
ആരെയോ കാത്തിരിക്കുന്ന മഞ്ഞക്കടല്‍ പോലെ...
മരിച്ച കടലിന്റെ ജീവനില്ലാത്ത ഇരമ്പല്‍ പോലെ,

എനിക്കു എന്റെ ഗ്രാമത്തിനെ വെറുപ്പാണ്
നീലാകാശമില്ല...മേഘങ്ങളില്ല പുഞ്ചിരിയില്ല...
ഉള്ളതോ? ഉപയോഗശൂന്യമായ കുറെ ചോദ്യങ്ങള്‍
ചെളിനിറഞ്ഞ വഴികള്‍..
നരച്ച മോഹങ്ങള്‍.
പിന്നെ എട്ടു മണീക്കൂറിലൊരിക്കല്‍
ഈരണ്ട് കരണ്ടി വേണ്ടാത്ത മരുന്നുകള്‍

ഒറ്റയ്ക്കു ജീവിക്കുമ്പോള്‍
പശ്ചാത്തപിക്കരുത്
കഴിഞ്ഞകാലം ഓര്‍മ്മിക്കരുത്
വേച്ചു വേച്ചു നടക്കരുത്
ഒരിക്കലും കരയരുത്...

പിരിഞ്ഞ കാലത്തോടു
വിട വാങ്ങി
യാത്രാ മൊഴി ചൊല്ലി
ഒറ്റയ്ക്കു
ഒരു കവിതയുടെ കമനീയതപോലെ..
ഒരു വാര്‍ദ്ധക്യം പോലെ
ഒറ്റയ്ക്കു പൊഴിക്കുന്ന കണ്ണൂനീര്‍ പോലെ,,,
ഒരു സംഗീതം പോലെ
ഒരു ശിശിരമഴപോലെ
മാപ്പു കൊടുത്ത മനസ്സു പോലെ
ശാന്തമായി,
ഒറ്റയ്ക്ക്
ഒരു മഞ്ഞക്കടലിലേക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
ഒറ്റയ്ക്ക്
അങ്ങനെ...ഒറ്റയ്ക്ക്..
ഞാന്‍ മാത്രം..
മഞ്ഞക്കടലിന്റെ ആഴത്തിലേക്ക്
ഒറ്റയ്ക്ക്...

Tuesday, January 22, 2008

വോട്ടിന്റെ രാജനീതി

ഇന്നലെ ഓഫീസില്‍നിന്നും വീട്ടില്‍ എത്തിയപ്പൊള്‍ കണ്ടത് ഏഷ്യാനെറ്റിലെ പാട്ട് റിയാലിറ്റി ഷോ (ഐഡിയാ സ്റ്റാര്‍ സിങര്‍) ദുഖിതയായി കണ്ടുകൊണ്ടിരിക്കുന്ന എന്റെ അമ്മയെയാണ്. മുടിവളര്‍ത്തി, മീശയൊന്നും ഇല്ലാത്ത, സ്ത്രൈണഭാവമുള്ള ഒരു നരുന്ത് ചെറുക്കന്‍, തളര്‍വാതം പിടിച്ചു ചാരുകസേരയില്‍ കിടക്കുന്ന ഒരു സ്തീക്കു ചുറ്റും നടന്നു പാടുന്നു. ഇടക്കിടെ അവരുടെ തളര്‍ന്നു വിറക്കുന്ന കൈകള്‍ തടവുന്നു. കൈകള്‍ അവന്റെ കവിളില്‍ ചേര്‍ത്തു പിടിക്കുന്നു. അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള ആ ദുഖഗാനം കേട്ടു ആ പാവം സ്ത്രീ കരയുന്നു. അതുകണ്ട് കുറെ കാണികളും, ജഡ്ജസും കണ്ണുതുടക്കുന്നു.


അതവന്റെ സ്വന്തം അമ്മയാണെന്നറിഞ്ഞ് എന്റെ അമ്മക്കും വല്ലാത്ത സങ്കടം.

എസ്സ് എം എസ്സ് വോട്ടിനു വേണ്ടി സഹതാപതരംഗം സൃഷ്ടിക്കാന്‍ ഇവന്മാര്‍ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത്? സ്വന്തം അമ്മയുടെ വൈകല്യവും നിസ്സഹായതയെയും വരെ പബ്ലിക്കായി പ്രദര്‍ശിപ്പിക്കുന്നല്ലോ...പ്രോഗ്രാം മുഴുവന്‍ കാണാനുള്ള ആമ്പിയര്‍ ഇല്ലാത്തതുകൊണ്ട്, സുകൃതക്ഷയം, സുകൃതക്ഷയം എന്നു വള്ളൂവനാടന്‍ ഭാഷയില്‍ മനസ്സില്‍ പറഞ്ഞു,ഞാന്‍ എന്റെ മുറിയിലേക്ക് പോയി. മനസ്സിലെ അമര്‍ഷം മാറാന്‍ രണ്ട് വോഡ്ക അമ്മ കാണാതെ വീശി, സന്താപത്തോടെ മയങ്ങി.

രാവിലെയും റിയാലിറ്റി ഷോയിലെ ആ അറയ്ക്കുന്ന രംഗം മനസ്സില്‍ ഹാങ് ഓവര്‍ ആയി തികട്ടി വന്നു. അമ്മയോടെന്ന മട്ടില്‍ ഞാന്‍ എന്നോടു തന്നെയായി പറഞ്ഞു,

“സ്റ്റാര്‍ സിംഗര്‍കാര്‍ ഭിക്ഷക്കാരന്മാരെക്കാളും കഷ്ട്ടമാണല്ലോ? സ്വന്തം അമ്മയെപ്പോലും വോട്ടിനായി ഉപയോഗിക്കുന്നല്ലോ! ”

അമ്മ രാവിലെ തന്നെ ചാനലായ ചാനലെല്ലാം മാറ്റി മാറ്റി നക്ഷത്രഫലം പറയുന്ന മാരണങ്ങളെ തിരയുന്ന തിരക്കിലാണെങ്കിലും, അല്പം നിരാശയുടെ സ്വരത്തില്‍ പറ്ഞ്ഞു,

“ ഓ... അവര്‍ക്കു ഒരു അസുഖവും ഇല്ല. പാട്ട് കഴിഞ്ഞപ്പോള്‍ അവര് പയറുപോലെ എഴുന്നേറ്റ് പോയി”

ഞാന്‍ കണ്ടത് കുടുംബത്തോടെ അഭിനയിച്ചു പാടുന്ന ഒരു സെഗ്മന്റാണത്രേ...

എന്റെ അമര്‍ഷം കൂടിക്കൂടിവന്നു... ഇതു രണ്ട് വോഡ്കയില്‍ തീരില്ല...

ഇനി എന്തെഴുതാന്‍? കഷ്ടം.... അല്ലാതെന്താ?

Friday, January 11, 2008

ഒന്നിച്ച്

തരളമായ ആ പ്രണയകാലത്ത്,
ഒന്നിച്ചിരിക്കുമ്പോള്‍
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍ നാം മിണ്ടിയിരുന്നതോര്‍ക്കുക...


മസൃണമായ നിന്റെ കൈപത്തികള്‍
എന്റെ ഇടം തോളില്‍ അലസമായി പിണച്ചു വച്ച്
ഒരേ പുസ്തകം ഒന്നിച്ചു വായിച്ചു,
അറിയാതെ, ഒന്നിച്ചു കണ്ണീര്‍ പൊഴിച്ചു പോയ വേളകളില്‍.
നിന്റെ കണ്ണുനീര്‍ എന്റെ കഴുത്തും,
എന്റെ കണ്ണുനീര്‍ നിന്റെ ശിരസ്സും കഴുകി,
മനസ്സിനെ അനുരാഗം പോലെ ശുദ്ധമാക്കിയ ആ നിമിഷങ്ങളില്‍...
ഒന്നിച്ചു വായിച്ചിരിക്കുമ്പോള്‍,
എനിക്കു വേണ്ടി,
പുറം മറിക്കാതെ ,
കണ്ണില്‍ ഒരു കുസൃതിച്ചിരിയുമായ്
നീ കാത്തിരിക്കുമ്പോള്‍,
പുറം വിരലുകള്‍ കൊണ്ട് നിന്റെ കവിളില്‍
അറിയാതത മട്ടില്‍ ഞാന്‍ തൊട്ടിരിക്കുമ്പോള്‍..‍,
ഓമനേ , ഞാന്‍ ഗാഢമായി, തീവ്രമായി പ്രണയിച്ച എന്റെ പ്രാണ സഖീ,
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ ഭാഷയില്‍....


കടല്‍ത്തീരത്തു ഒന്നിച്ചിരിക്കുമ്പോള്‍,
അകാരണമായ ഒരു വിഷാദം ഒരു വിങ്ങലായി
മനസ്സില്‍ പാത്തുപാത്തണയുമ്പോള്‍,
എന്റെ മനസ്സു തൊട്ടറിഞ്ഞു ,
അകലെ നിന്നുയരുന്ന സന്ധ്യാകീര്‍ത്തനം കേള്‍ക്കാന്‍
ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ എന്നെ ക്ഷണിച്ച ഈറന്‍ പ്രദോഷങ്ങളില്‍..
ഓമനേ,
എന്നെ ഗാഢമായി.... തീവ്രമായി ....പ്രണയിച്ച എന്റെ പ്രാണസഖീ...
നമുക്കു മാത്രം മനസ്സിലാകുന്ന മൂകമായ......


ശിശിരത്തിലെ നക്ഷത്രരാത്രികളില്‍
ഒന്നിച്ച് കരളില്‍ കരളുരുമ്മി
ദേവദാരുക്കാട്ടിനുള്ളിലൂടെ
കാട്ടരുവിയുടെ ജലതരഗം കേട്ടു നടന്നപ്പോള്‍,
തേവര്‍ക്കു തീ കൂട്ടി തുടികൊട്ടിയാടുമാകാടിന്റെ നിഴലുകള്‍
നിര്‍നിമേഷം നോക്കി നാം നിന്നപ്പോള്‍,
കാടിന്റെ സമ്മോഹനം പേറിയോരു-
കുളിര്‍തെന്നലായെന്നെ സ്പര്‍ശിച്ചു നീ...
ഓമനേ,
ഗാഢമായി, തീവ്രമായി പ്രാണനെപ്പൊലെ നാം നെഞ്ചേറ്റിയ നമ്മുടെ പ്രണയത്തിനായ്
നമുക്കു മാത്രം മനസ്സിലാകുന്ന....


കാലം ദ്രവിച്ചു.
ചിതകളിലശ്രുവായൊന്നിച്ചുറങ്ങീ പ്രണയം....
ഓമനേ,
ഗാഢമായ്, തീവ്രമായ്, പ്രാണനായ്, പ്രണയം
ചിതകളിലൊന്നിച്ചുറങ്ങുന്ന നേരവും
സഖീ,
നമുക്കു മാതം മനസ്സില്‍..........

ഒന്നിച്ച്....

Tuesday, January 8, 2008

ദൈവത്തിന്റെ മറുപടി (മുന്‍പ് കേട്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി)

ഞങ്ങള്‍ പത്രപ്രവര്‍ത്തകരുടെ ഇക്കഴിഞ്ഞ സെമിനാറിലാണു ദൈവവും പങ്കെടുത്തത്. ദൈവം എന്നുപറഞ്ഞാല്‍ സാക്ഷാല്‍ ഭഗവാനും, ഈശ്വരനും അള്ളായും ഒക്കെയായ ഒറിജിനല്‍ ദൈവം. ദൈവം പ്രസംഗിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു, താടിവച്ച ഒരു പത്രപ്രവര്‍ത്തകന്‍, ഏഷ്യാനെറ്റിലെ കെ. പി. മോഹനന്റെ സ്റ്റൈലില്‍ "ഈ മണ്ടന്‍ എന്തുത്തരം പറയാനാ” എന്ന മുഖഭാവത്തില്‍, സ്ഥായിയായ പുഛത്തോടെ, ഒരു ചോദ്യം ദൈവത്തിനോട് ചോദിച്ചു:

Mr. God, mmm... aaa..ee.. what do you think the difference between you and journalists?"

ചോദ്യം കേട്ടു ദൈവം ഒന്നു പതറി. പിന്നെ പരുങ്ങി പരുങ്ങി പതിയെ മുരടനക്കി,

“ Well, errrrr... there is one difference....I never think myself as a journalist.....but in the case of jouralists..........."

പെട്ടെന്നു സദസ്സില്‍ നിശ്ശബ്ദത. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോള്‍ മനസ്സിലായവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കരഘോഷം മുഴക്കി.

സദസ്സില്‍ ഒരാള്‍ മാത്രം ഒരു ചെറുപുഞ്ചിരി പോലുമില്ലാതെ ഒന്നും മനസ്സിലാവാത്തപോലെ വളരെ സീരിയസായിരിക്കുന്നു. അയാളെക്കുറിച്ചറിയാന്‍ എനിക്കു ജിജ്ഞാസ.

“ആരാ അയാള്‍? ” അടുത്തിരുന്ന ജേര്‍ണോയോട് ഞാന്‍ ചോദിച്ചു. കൈരളിയിലെ ജോണ്‍ ബ്രിട്ടാസ്, ഫാരീസ് അബുബക്കറെ നോക്കി ചിരിച്ചതു പോലെ, ജേര്‍ണോ എന്നെ നോക്കി എല്ലാമറിയുന്ന ആ ‘ചാനല്‍ ചിരി‘ ചിരിച്ചു. എന്നിട്ട് പറഞ്ഞു,

“ അറിയില്ലേ, അതു നമ്മുടെ എം. കെ.ഹരികുമാറല്ലേ, കലാകൌമുദിയിലെ അക്ഷരജാലക്കാരന്‍”

Saturday, January 5, 2008

വെളിച്ചത്തിനുമക്കരെ

കൊച്ചി















വിളിക്കാന്‍ വരുമോ വീണ്ടും
നിത്യാനന്ദപ്രഭാതമേ?
തോണിക്കടവിലീയെന്നെ-
ക്കാക്കുമോ താരകങ്ങളേ?
.......................................................
കൂരിരുട്ടിന്‍ മറുകരെ,
വെളിച്ച്ത്തിനുമക്കരെ,
സ്ഥലം മാറ്റുക നിന്‍ വഞ്ചി-
യേറ്റി, സ്സന്ധ്യാപ്രകാശമേ!
( - പി.‌ )