Sunday, December 30, 2007

സാരഥി

രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിലൊഴുകും മനുജരിലെന്റെ,
സാരഥിയെങ്ങോ മറഞ്ഞു!

സാരഥിയില്ലാതടരാടുക നീ,
നേടുക പലതും, ജീവിതമതിനാം


രഥ്യയിലൂടെന്‍ തേരുരുളുമ്പോള്‍,
സ്വപ്നങ്ങളിലെന്‍ മനമുഴറുമ്പോള്‍,
വിഭ്രാന്തിയിലൊഴുകും മനുജരിലെന്റെ,
സാരഥിയെന്തേ മറഞ്ഞു?

Tuesday, December 25, 2007

നോത്ത്രേ- ദാം കത്തീഡ്രല്‍, പാരീസ്


















































ഒരു കൃസ്തുമസ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായ് ചില ചിത്രങ്ങള്‍

Monday, December 24, 2007

വെളിച്ചമേ നയിച്ചാലും


കൃസ്തുമസ് ആശംസകള്‍
പതിമ്മൂന്നാം നൂറ്റാണ്ടിലെ നോത്ത്രേ- ദാം കാത്തലിക് കത്തീഡ്രല്‍.

വര്‍ണ്ണശബളമായ ജനാലക്കുള്ളിലൂടെ പുറത്തുനിന്നും വരുന്ന പകല്‍ വെളിച്ചം.

2005 ഡിസംബറിലെപ്പൊഴോ എടുത്ത ഒരു മൊബൈല്‍ ഫോണ്‍ ചിത്രം.

Tuesday, December 18, 2007

പേശാമലിരുന്തും പഴക്

“ഗോവിന്ദന്‍ കുട്ടി സാറിന്റെ റ്റൈം , ബെസ്റ്റ് റ്റൈം” ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങ് മഹത്തായ 4-ആം മണിക്കൂര്‍ കടന്നപ്പോള്‍ ഇക്ബാല്‍ എഴുതിയ കുറിപ്പ് എന്റെ കൈയ്യില്‍ കിട്ടി.... ‘ഇന്‍ ഹരി ഹര നഗര്‍’ സിനിമയിലെ ഗോവിന്ദന്‍ കുട്ടി {സിദ്ദിക് ആണെന്നു തോന്നുന്നു.} യുടെ ജോലിക്കാരന്‍ പറയുന്ന ആത്മഗതം ആണ് ഇന്നത്തെ ഇക്ബാല്‍ മാസ്റ്റര്‍പീസ്. നായിക ഗോവിന്ദന്‍ കുട്ടിയെ അന്വേഷിച്ചു വന്നു
പോകുമ്പോള്‍ ആണ് ഈ കമന്റ്... അടുത്ത സീന്‍ ജോണ്‍ ഹോനായിയുടെ മുന്‍പില്‍ തലകീഴായി കെട്ടിയിട്ടനിലയില്‍ ‘അയ്യോ പൊത്തോ’എന്നു നെലവിളിക്കുന്ന ഗോവിന്ദന്‍ കുട്ടിയും കൂട്ടുകാരും. ഉഗന്‍ “ബെസ്റ്റ് റ്റൈം”!!!. ഇവിടെ സാക്ഷാല്‍ ഗോവിന്ദന്‍ കുട്ടിസാര്‍ ജോണ്‍ ഹോനായി ആയി. ഞങ്ങള്‍ പത്തു നാല്പതു വേതാളജന്മങ്ങള്‍ തലകീഴായി കുട്ടിസാറിന്റെ മീറ്റിങ് എന്ന പീഡനത്തില്‍.........

ഇന്നു രാവിലെ ഒന്‍പതു മണിക്കു തുടങ്ങിയതാണു മീറ്റിങ്. ഇന്നലെയാവട്ടെ രാതി പതിനൊന്നര വരെ നീണ്ടു. ഇന്നത്തെ മീറ്റിങ് തീരുന്ന സമയം എപ്പോഴായിരിക്കുമെന്നു ജ്യോതിഷരത്നം ആറ്റുകാല്‍ രാധാകൃഷണനോട് മണക്കാട് ഗോപിസാര്‍ ചോദിച്ചെന്നും, ഉത്തരമായ് കമ്പ്യുട്ടര്‍ ജാതകം പോലെ ഇന്റെര്‍നെറ്റു വഴി സന്തോഷിന്റെ ബ്ലൊഗിന്റെ ലിങ്ക് ആറ്റുകാല്‍ അയച്ചു കൊടുത്തു എന്നും റൂമര്‍......ലിങ്കു ക്ലിക്കു ചെയ്തപ്പോള്‍ കിട്ടയതോ........... ...“ശേഷം ചിന്ത്യം”

ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങിനെ കുറിച്ചു കൂടുതല്‍ എന്തു പറയാന്‍? കഴിഞ്ഞ മീനത്തില്‍ കോട്ടയത്തു വച്ചു നടന്ന കോണ്‍ഫ്രന്‍സ് മംഗളം റിപ്പോര്‍ട്ടു ചെയ്തിരുന്നു. “കോട്ടയ്ത്ത് ഗോവിന്ദ്ന്‍ കുട്ടി സാറിന്റെ മീറ്റിങ്; രണ്ട് അദ്ധ്യാപകര്‍ ബോധം കെട്ടു വീണു”. കുട്ടിസാറിന്റെ മീറ്റിങ് വൈഭവത്തിനോടൊപ്പം ഈറ്റിങ് ഹാബിറ്റ്സും സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്ന് രാജ്യ വ്യാപകമായ ഖ്യാതി സമ്പാദിച്ചതു ഭോപാലിലെ റീജിയണല്‍ മീറ്റില്‍ വച്ചാണു. അന്നും പത്രത്തില്‍ തലക്കെട്ടുണ്ടായിരുന്നു. “ ജി. കെ. നായര്‍ സാഹബ് കാ ബൈഠക്: 300 മുര്‍ഗി ഷഹീദ്”


ഇന്നലെ രാത്രി 10 മണിക്കു മീറ്റിങ് പെയ്തു ഒഴിഞ്ഞു എന്നു തന്നെ തോന്നിയതാണ്. അപ്പോഴാണു ജോസഫ് ഡാനിയല്‍ എണീറ്റത്. ജോസഫിന്റെ ഭാര്യയുടെ കിഡ്നി റ്റ്രാന്‍സ്പ്ലാന്റ് ഓപറേഷന്‍ അടുത്ത ദിവസം രാവിലെ ഫിക്സ് ചെയ്തിരിക്കയാണു, അതുകൊണ്ട് 11 മണിക്കുള്ള ലാസ്റ്റ് റ്റ്രയിനില്‍ പൊയ്ക്കോട്ടേ എന്നു പെര്‍മിഷന്‍ ചൊദിക്കാനാണു ജോസഫ് ശ്രമം നടത്തിയതു.... ജോസഫ് മുരടനക്കുന്നതിനു മുന്‍പു തന്നെ ഗോവിന്ദന്‍ കുട്ടിസാര്‍ ഐഡിയാ സ്റ്റാര്‍ സിങറിലെ ശരതിനെ പോലെ... ‘ മോനേ......” എന്നൊന്നു വിളിച്ചു... എന്നിട്ടു തിലകന്റെ സ്റ്റൈലില്‍ പറഞ്ഞു:

“ജോസഫ് ചോദിക്കാന്‍ പോണതെന്താണെന്നു എനിക്കു മനസ്സിലായി..... നന്നായി..... ജോസഫിനെങ്കിലും ചോദിക്കാന്‍ തോന്നിയല്ലോ?” അവസാനത്തെ ഭാഗം, ശ്രോതാക്കളായ ഞങ്ങള്‍ ബാക്കി മണ്ടന്മാര്‍ക്കിട്ടൊന്നു താങ്ങിയതാണ്...

“അതിന്റെ ഉത്തരം കേട്ടോളൂ”... അടുത്ത ഒരു മണിക്കൂര്‍ അങ്ങനെ ചോദിക്കാത്ത ചോദ്യത്തിനു ഉത്തരം നല്‍കി ഗോവിന്ദന്‍ കുട്ടി സാര്‍... ലാസ്റ്റ് റ്റ്രൈന്‍ അതിന്റെ പാട്ടിനും പോയി.

ശബ്ദത്തിനു ഇത്ര മാത്രം ഹീലിങ് റ്റ്ച്ച് ഉണ്ടെന്നു ഗോവിന്ദന്‍ കുട്ടി സാറിന്റെ മീറ്റിങിനു മുന്‍പു ആര്‍ക്കും അറിയില്ലായിരുന്നു. ഹീലിങ് കുട്ടിസാറിനു മാത്രം. ബാക്കിയുള്ള ശ്രോതാക്കളിലെ ക്രിസ്ത്യാനികള്‍ ‘ആദിയില്‍ വചനമുണ്ടായെന്നും‘; ഹിന്ദുക്കള്‍. ഓങ്കാരമാണു ആദ്യമുണ്ടായതെന്നു ആത്മാര്‍ത്ഥമായി വിശ്വസിച്ച്, ആന്റിന കേടായിപ്പോയ ഡി റ്റി എച്ച് ചാനലുകള്‍ പോലെ ശവങ്ങളായി കുട്ടിസാറിനു മുന്‍പില്‍ ഇരുന്നു കൊടുത്തു.....

പെട്ടെന്നു എനിക്കു ബോധോദയം ഉണ്ടായി “ ബോധി വൃക്ഷത്തണല്‍ പറ്റി നില്‍ക്കേണ്ട ബോധമുള്ളിലുദിക്കുകില്‍” എന്ന കവി വാക്യം എത്ര സത്യം? ‘വേണമെങ്കില്‍ ബോധം കുട്ടിസാറിന്റെ മീറ്റിങിനിടയിലും കായ്ക്കാം’.
കൊല്ലം റെഡ്യാര്‍ പ്രസ്സിന്റെ 200 പേജ് നോട്ടുബുക്കിന്റെ രൂപത്തിലാണു ഇത്തവണ ബോധം ഉള്ളിലുദിച്ചതു. എട്ടിലോ ഒന്‍പതിലോ മറ്റോ കണ്ട ഓര്‍മ്മയേ ഉള്ളൂ. നോട്ട്ബുക്കിന്റെ കട്ടിയുള്ള ബയണ്ടിന്റെ അകത്തു
എഴുതിയിട്ടുണ്ടായിരുന്നെന്നു തോന്നുന്നു

“അന്‍പേ ശിവം,
അന്‍പാക പേശ്,
ഉണ്മയാക പേശ്,
നന്മയാക പേശ്,
മെദുവാകെ പേശ്,
ഇനിമയാകെ പേശ്,
സഭയറിന്തു പേശ്,
സമയമറിന്ത് പേശ്,”

അങ്ങനെ പോകുന്നു റെഡ്യാരുടെ സാരോപദേശം. അവസാനമാണു സംങതികളുടെ പഞ്ച് ലൈന്‍: “പേശാമലിരുന്തും പഴക്”

ഇപ്പോള്‍ റെഡ്യാര്‍ പ്രസ്സിന്റെ നോട്ട് ബുക്ക് ഉണ്ടോ എന്നു അറിയില്ല. ഉണ്ടെങ്കില്‍ത്തനെ മാര്‍ക്കറ്റിങ് പഠിച്ച പുത്തന്‍ റെഡ്യാര്‍ കുഞ്ഞുങ്ങള്‍ ആരെങ്കിലും നോട്ട്ബുക്കിന്റെ പുറം ചട്ടകളില്‍ സിനിമാ നടിമാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും ചിത്രങ്ങള്‍ പതിപ്പിച്ചു കാണും!

എന്തു പറയാനാ? റെഡ്യാറുടെ ഉപദേശം തന്നെ ശരണം:

പേശാമലിരുന്തും പഴകാം......

Wednesday, December 12, 2007

ബോല് രാധാ ബോല്....


“രാധാ....”

“ങൂ....”

“എനിക്കു കാണണം”

“നിക്കും”

“എങ്ങിന്യാ കാണ്വാ...”

“മൂന്നു മാസമായി ഫോണിലൂടെ ദ് തന്നെ ചോദിച്ചോണ്ടിരിക്ക്വാ? വൈകിട്ടു 4 മണിക്കു സൌത്ത് എക്സിലെ ‘ബരിസ്തായില്‍' വന്നാപ്പോരെ കാണാന്‍!!”

Saturday, December 8, 2007

കള്ളാ കള്ളാ..കൊച്ചു കള്ളാ.....

പണ്ട് രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും മറ്റും പഠിക്കുന്ന കാലത്ത് ഒരു ആവശ്യവുമില്ലതെ അച്ച്ഛനെ നിര്‍ബന്ധിച്ചു ഫൌണ്ടന്‍ പേനകള്‍ വാങ്ങി സ്കൂളില്‍ കൊണ്ടു പോകുമായിരുന്നു ഞാന്‍...അന്നൊക്കെ സ്ലേറ്റും പെന്‍സിലും മാത്രം മതി ഒരു നാലാം ക്ലാസ്സു വരെ. കൂടിയാല്‍ ‘ ബുക്കു പെന്‍സിലെന്നും , റൂളി പെന്‍സില്‍‘ എന്നും ഓമനപ്പേരുള്ള ലെഡ് പെന്‍സില്‍ വല്ലപ്പോഴും വേണ്ടിവന്നേല്‍ക്കും.അതും ഇര്‍ട്ടവര ബുക്കില്‍ പകര്‍ത്തെഴുതി കൈയ്യക്ഷരം നന്നാക്കാന്‍ മാത്രം. അങ്ങനെയുള്ള സിറ്റുവേഷനിലാണു എന്റെ ഫൌണ്ടന്‍ പേനയുമായുള്ള പ്രവേശം. ക്ലാസ്സിലുള്ള് മറ്റുകുട്ടികളുടെ മുന്‍പില്‍ ആളാകുക എന്ന ഒരൊറ്റ ഉദ്ദേശമേയുള്ളൂ ഈ പേന പ്രയോഗത്തിനു. കൃത്യമായി, പേന കൊണ്ടു പോകുന്ന്തിന്റെ അന്നോ അല്ലെങ്കില്‍ പിറ്റേന്നോ അതു കളഞ്ഞിരിക്കും. പിന്നെയും ഞാന്‍ കരഞ്ഞു നെലവിളിച്ചു അഛന്റെ മനസ്സലിയിപ്പിച്ച് വീണ്ടും പേന സഘടിപ്പിക്കും. പിന്നെയും അന്നു തന്നെ അതു കളഞ്ഞു പോവും. “ഈ പേനകള്‍ എല്ലാം മോട്ടിക്കുന്നതു ആ ബെന്നി സാറിന്റെ തന്‍ തല വെട്ടി സ്വഭാവമുള്ള ചെറുക്കന്‍ തന്നെ“ . അഛന്റെ ആജന്മ ശത്രുവായ ബെന്നി സാറിന്റെ മകന്‍ എന്റെ ക്ലാസില്‍ ഉള്ള നോബിള്‍ ആണു. എന്റെ പേനകള്‍ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടായിരുന്നൊ എന്നു എനിക്കു അന്നും ഇന്നും അറിയില്ല.



പിന്നെ ഓര്‍മ്മയുളളത് പത്താം ക്ലാസ്സു പാസായപ്പൊള്‍ കിട്ടിയ മെറൂണ്‍ കളര്‍ ഡയലുള്ള ഒമേഗാ വാച്ചു വീട്ടില്‍ നിന്നും കളവു പോയതാണു. അതു എന്റെ അന്നത്തെ കൂട്ടുകാരനും കവിത എഴുതാന്‍ അറിയുന്നവനായതുകൊണ്ട് എനിക്കു ഒരു അസൂയ കലര്‍ന്ന ആരാധനയും ഉണ്ടായിരുന്ന ജയചന്ദ്രന്‍ അടിച്ചുമാറ്റിയതാണെന്നു അമ്മക്ക് പൂര്‍ണ്ണ വിശ്വാസം. എന്റെ നല്ലവനായ കൂട്ടുകാരനെ കള്ളനാക്കിയ അമ്മയുടെ അവിസ്വാസ പ്രസ്താവനയെ ഞാന്‍ അന്നുതന്നെ നഖശിഖാന്തം ശക്തിയായി എതിര്‍ത്തതും മറന്നിട്ടില്ല. “ എന്നെ വിഷാദത്തെ പ്രസവിച്ചോരമ്മേ മിഴികള്‍ തുടയ്ക്കൂ........” എന്നെഴുതിയ ജയന്‍ ഒരിക്കലും കള്ളനല്ല എന്നു അന്ധമായിത്തന്നെ ഞാന്‍ ഇപ്പോഴും എപ്പൊഴും വിശ്വസിക്കുന്നു


ഈ രണ്ട് സംഭവങ്ങളല്ലാതെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ എന്റെ ഒരു രൂപപോലും കള്ളന്മാര്‍ കൊണ്ടു പോയിട്ടില്ല. ആരും പോക്കറ്റടിച്ചിട്ടും ഇല്ല. അങ്ങനെ അല്ലലില്ലതെ ജീവിച്ചിട്ടു ഇപ്പൊള്‍......


സെപ്റ്റംബറില്‍ നാട്ടില്‍ എത്തി, തറവാട്ടില്‍, വര്‍ഷങ്ങക്ക്ല്ക്കു ശേഷം എന്റെ ബാല്യ കൌമാര ഗൃഹാതുരത്വത്തിന്റെ ചന്ദന സുഗന്ധമുള്ള ആ പഴയ മുറിയില്‍ വീണ്ടും. എല്ലാം പഴയതു പോലെ തന്നെ. എങ്കിലും കാലം കടന്നു പോയിരിക്കുന്നു. അയലത്തെ ശാന്ത ചേച്ചി റിട്ടയര്‍ ആയിരിക്കുന്നു. നാട്ടില്‍ 55 വയസ്സില്‍ തന്നെ മനുഷ്യരെ ഉപയോഗശൂന്യന്‍ ആക്കിക്കളയുന്നല്ലൊ...ശാന്തചേച്ചി പണ്ടു കുളി കഴിഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ പിള്ളേരെല്ലാം ക്രിക്കറ്റ് കളിക്കിടയില്‍ കോറസ്സായി പാടുമായിരുന്നു....” ശാന്തേ കുളികഴിഞ്ഞീറന്‍ പകര്‍ന്നും.....” ചേച്ചിയുടെ മകന്‍ മനുവും കൂടും കോറസ്സിനു. .. ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും, “ എടീ സാന്തേ ..പട്ടീ........”എന്ന മനുവിനു ദേഷ്യം വരുമ്പോള്‍ ഉള്ള നീണ്ട നെലവിളി ഓര്‍മ്മവരും . ഊറി ചിരിച്ചും പോകും,അവനിപ്പോള്‍ ഭാര്യ വീട്ടിലാണത്രേ..ശാന്തച്ചേച്ചി ഒറ്റക്കും. ..


ആ ജനാല ഞാന്‍ ഒരിക്കലും അടച്ചിടാറുണ്ടായിരുന്നില്ല. ഗണേശചതുര്‍ഥി ദിവസം രാവിലെ വീട്ടുകാരോടൊപ്പം അമ്പലത്തില്‍ പോകാന്‍ റെഡിആയി നോക്കിയപ്പൊള്‍ മൊബൈല്‍ ഫോണ്‍ കാണുന്നില്ല. രാത്രി കട്ടിലില്‍ വച്ചിരുന്നതാണല്ലൊ അലാറ്ം സെറ്റു ചെയ്തു വച്ചിട്ട്. അളിയന്‍ എന്റെ നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.സ്വിച്ച്ട് ഓഫ്.“ ഇതു കള്ളന്‍ കോണ്ടുപോയതു തന്നെ” എന്നു പറഞ്ഞു പുറത്തു പോയി ജനാലക്കരികില്‍ നോക്കി. കാലടയാളങ്ങള്‍, കൈയടയാള്‍ങ്ങള്‍. അളിയന്‍ സി . ഐ. ഡി ആയി. കളളന്‍ ജനാലയിലൂടെ കൈ എത്തി ബെഡ്ഡില്‍ ഇട്ടിരുന്ന മൊബൈല്‍ കൊണ്ടുപോയി എന്ന പരിണാമ ഗുപ്തി കണ്ടുപിടിച്ചു ആസ്വദിച്ചു. പുള്ളിക്കാരന്‍ ‘ ഡമ്മി ഇട്ടു ‘ ഇന്‍വെസ്റ്റിഗേറ്റു ചെയ്തില്ലെന്നേ ഉള്ളു. പിന്നെ എന്നെ നടുക്കിക്കൊണ്ട് അളിയന്‍ പ്രസ്താവിച്ചു. “ഇതു ആ രാധാകൃഷണന്റെ പണി തന്നെ. അവനെ കണ്ടാല്‍ത്തന്നെ ഒരു കള്ള ലക്ഷണമാണു“. രാധാകൃഷ്ണന്‍ എന്റെ ഒരു ഫ്രണ്ടിന്റെ ഡ്രൈവര്‍ ആണു. ഞാന്‍ വന്നതു പ്രമാണിച്ചു എനിക്കു വിട്ടു തന്നതാണു. വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നതാണു രാധാകൃഷണന്‍. പാവം രാധാകൃഷണനില്‍ മോഷണക്കുറ്റം ചുമത്തി അളിയന്‍ ഒരു തമിഴ് ചിരി ചിരിച്ചു. പോലീസില്‍ പരാതിപ്പെടാനുള്ള എന്റെ ക്ലാസ്മേറ്റ് കരിമ്പൂച്ച പോലീസിന്റെ ഉപദേശം ഞാന്‍ പല കാരണങ്ങളാല്‍ സ്വീകരിച്ചില്ല. മോട്ടറോളയുടെ നല്ലൊരു മോഡല്‍ അങ്ങനെ പോയിക്കിട്ടി. ഇനി ഡ്യൂപ്ലിക്കേറ്റ് സിം കിട്ടുന്നതു വരെ സ്വസ്ഥം. ആരെയും വിളിക്കുകയും വേണ്ട് ‍ആരുംവിളിക്കുകയും ഇല്ല... “ശംഭോ മഹാദേവാ...“ ( വിനായകന്റെ പിതാവിനെ വിളിച്ചു പോയതാണ്. )

ലീവു കഴിഞ്ഞ് തിരിച്ചു ദില്ലിയില്‍ എത്തി. സഫ്ദര്‍ജങ് എത്താറായപ്പൊള്‍ ദേവേന്ദ്രന്റെ ഫോണ്‍. “ സാര്‍ എന്തിനാണു വീട് പൂട്ടാതെ പുറത്തേക്കിറങ്ങിയത്” എന്നു ഹിന്ദിയില്‍ . ഞാന്‍ ഇതുവരെ വീട്ടില്‍ എതിയിട്ടില്ലെന്ന നഗ്ന സത്യം അവനെ വെപ്രാളത്തോടെ അറിയിച്ചു. പിന്നെ ഫോണിലൂടെ ‘ ചോര്‍ ഗ്ഗുസ്നേ കാ ആംഘോം ദേഖ് ഹാല്‍‘ ദേവേന്ദ്ര പട്ടേല്‍ എന്ന എന്റെ മാന്‍ ഫ്രൈ ഡേ തിരനോട്ടം നടത്തി, പിന്നെ രാവണ വിജയം ആട്ടക്കഥ ഇളകിയാടി. ഹൃദയത്തില്‍ ഉടുക്കു കൊട്ടുക എന്ന വയലാര്‍ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അറിഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ പട്ടേലര്‍ കലാശക്കൊട്ട് വീണ്ടും തുടങ്ങി. വീട്ടില്‍ എല്ലാം ഇളക്കി മറിച്ചിട്ടിരിക്കുന്നു. റ്റി വി വീട്ടില്‍ തന്നെയുണ്ട്. അടുക്കളയില്‍ മയിക്രൊ വെവും , വാട്ടര്‍ പ്യൂരിഫൈയറും പോയിട്ടില്ല. ഫ്രിഡ്ജില്‍ പൊട്ടിച്ചെടുത്ത പൂട്ടുകള്‍. ഗോദ്രെജ് അലമാര കുത്തിപ്പൊളിച്ചിരിക്കുന്നു. തുണികള്‍ ഒന്നും എടുത്തിട്ടില്ല. അലമാരക്കുള്ളീലെ സേഫ് പൊട്ടിച്ചിട്ടുണ്ട്.
സേഫിനിള്ളില്‍ ഒന്നും ഇല്ലെനു എനിക്കല്ലേ അറിയൂ. പാവം കള്ളന്‍ . കുറെ പ്രയത്നിച്ചിട്ടുണ്ട്. കുറെ വെള്ളിപാത്രങ്ങള്‍ ബെഡില്‍ ഇട്ടിട്ടുണ്ട്. പിന്നെ ഇവന്‍ എന്തു മോഷ്ടിക്കാന്‍ വന്നു? “ ലഗ്ത്താ ഹൈ കേവല്‍ സോനാ ഓര്‍ കാഷ് കേലിയെ ആയാ ഹെ ചോര്‍” പട്ടേലരുടെ എക്സ്പെര്‍റ്റ് ഒപിനിയന്‍.ഒന്നും പോയിട്ടില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ നാട്ടിലുള്ള വീട്ടുകാരിയെ ഫോണില്‍ വിളിച്ചു സന്തോഷപൂര്‍വ്വം കള്ളന് പറ്റിപ്പോയ അബധം വര്‍ണ്ണിച്ചു. “ ആ അലമാരയില്‍ വച്ചിരുന്ന ഫോറിന്‍ കറ്ന്‍സി ഉണ്ടോ എന്നു നോക്കു മനുഷ്യാ...” ഓ..അങ്ങനെ ഒരു സംഭവം ഉള്ളകാര്യം എന്റെ മനസ്സില്‍ ആദ്യം വന്നില്ല. ഓഫീസ് റ്റൂറ് കഴിഞ്ഞു വരുമ്പോള്‍ മിച്ചം വരുന്ന കുറച്ചു ഡോളര്‍, യൂറോ. സിങ്കപ്പൂര്‍ ഡോളര്‍, റിയാല്‍ ഒക്കെ ഉണ്ടായിരുന്നു. തിരിച്ചു ബാങ്കില്‍ പോയി എക്സ്ചേഞ്ച് ചെയ്യാനുള്ള് മടി കാരണം ഈ വിദേശ വസ്ത്തുക്കള്‍ “ അടുത്ത തവണ പോവുമ്പോള്‍ ഫോറിന്‍ എക്സ്ച്ചെഞ്ചിനു ഓടണ്ടെല്ലോ” എന്ന ന്യായം പറഞ്ഞു അലമാരയില്‍ത്തന്നെ വച്ചതാണു ഇപ്പോള്‍ വിനയായത്.അങ്ങനെ കറന്‍സി എക്സേഞ്ച് ചെയ്യുന്ന ഭാരിച്ച പണി ഇനി കള്ളന്‍ ചെയ്തു കൊള്ളും. ഇത്രയും വലിയ സെക്യൂരിട്ടിയുള്ള കോളനിയില്‍ പട്ടാപകല്‍ കള്ളന്‍ കയറിതു പോലീസില്‍ അറിയിച്ചിട്ടു തന്നെ കാര്യം! മോഹന്‍ ചേട്ടന്‍ എന്ന ഡെല്‍ഹി പോലീസിനെ ഫോണ്‍ വിളിച്ചു. ഡിഫന്‍സ് കൊളൊണി പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ എഴുതിക്കാന്‍ പറഞ്ഞു. ഞാന്‍ ഓഫീസില്‍ പോകാതെ ഡിഫന്‍സ് കോളണി പോലിസ് സ്റ്റേഷനിലേക്കും..


അനന്തരം സംഭവിച്ചതു ശ്ലോകത്തില്‍ കഴിക്കാം: 4 ദിവസത്തെ ലീവും ഒരാഴചത്തെ പോലിസ് സ്റ്റേഷന്‍ വിസിറ്റും , 1500 രൂപ കൈക്കൂലിയും, 18 ലിറ്റര്‍ പെറ്റ്രൊളും, കഴിഞ്ഞിട്ടും എഫ് ഐ ആര്‍ എഴുതിയില്ല. പിന്നെ മോഹന്‍ പോലീസിന്റെ ബോസിന്റെ ബോസായ രഞിത് ഗംഗാധരന്‍ ഐ പി എസ്സിന്റെ അഗാധ ശ്രമ ഫലമായി 10- ആം ദിവസ്സം എഫ് ഐ ആര്‍ രജിസ്റ്റര്‍ ആയി. മോഷണം നടന്നു 15 - ആം ദിവസം പോലീസുകാര്‍ വീട്ടില്‍ വന്നു.

“എന്തിനാണു വീടിനു വേറെ പൂട്ടു ഇട്ടത്?

സാധനങ്ങള്‍ ഒക്കെ അടുക്കി വച്ചു ക്രയിം സീന്‍ ഇല്ലാതാക്കിയതെന്തിന്?

അലമാര അടച്ചു ഫിങ്കര്‍ പ്രിന്റ് എടുക്കാനുള്ള ചാന്‍സ് ഇല്ലാതാക്കിയല്ലൊ?“


പിന്നെ അലമാര തുറന്നു നോക്കിയപ്പൊള്‍ അളിയന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ഒരു ബോട്ടില്‍ റെമി മാര്‍ട്ടിന്‍ കൊണ്യാക്കും, ഞാന്‍ പൊന്നു പോലെ രണ്ടര വര്‍ഷമായി സൂക്ഷിച്ചു വച്ചിരുന്ന ഒരുകുപ്പി ബ്ലൂ ലേബലും ഒരു സാമാന്യ മര്യാദക്കു വേണ്ടിയെങ്കിലും “ഇതു ഞങ്ങള്‍ കൊണ്ടു പോകുന്നു” എന്നു
പോലും പറയാതെ ഒരു ഉളുപ്പും ഇല്ലാതെ ഡെല്‍ഹി പോലീസ് കൊണ്ടു പോയി...... വീണ്ടുംവന്ന് ഊര്‍ജ്ജിതമായി അന്വേഷിക്കാമെന്നു പേടിപ്പിച്ചു ഡെല്‍ഹി പോലിസ് യാത്രയായി... “ വിത്ത് യു,ഫോര്‍ യു , ആള്‍വൈസ് - ഡെല്‍ഹി പോലീസ്” എന്നു എഴുതിയ വണ്ടിയില്‍ കയറി പോകുമ്പോഴും 500 രൂപ ‘ ചായ് നാസ്താ കേലിയേ’ എന്നു ചോദിച്ചു വാങ്ങി ഡെല്‍ഹി പോലീസ്.

കഥ മുഴുവന്‍ സീരിയല്‍ എപ്പിസോഡുകള്‍ ആയി ഭാര്യയെ പറഞ്ഞു കേള്‍പ്പിക്കുന്നതിന്റെ ഫോണ്‍ ബില്ലിനെ കുറിച്ചു ചിന്തിച്ചു കിടക്കുമ്പോള്‍. അതാ വീണ്ടും മിസ്സ്ഡ് കാള്‍. ഭീതിയോടെ തിരിച്ചു വിളിച്ചു. അശരീരിയായി ഭാര്യയുടെ ശബ്ദം “ നിങ്ങള്‍ ഈ പോലീസിന്റെ പിറകെ നടക്കാതെ ആ ദേവേന്ദ്രനെ പിടിച്ചു നന്നായി ഒന്നു വിരട്ടി നോക്കു. അവന്‍ തന്നെ കള്ളന്‍ . അവന്‍ അറിയാതെ അവിടെ ഒരു മോഷണവും നടക്കില്ല.” ഞാന്‍ അനുസരണയോടെ മൂളി. 18 കൊല്ലം വിശ്വസ്ഥതയോടെ കൂടെ നില്‍ക്കുന്ന ദേവേന്ദ്രനെ പറ്റിയാണല്ലൊ ഈ പറഞ്ഞത് എന്ന് ഓര്‍ത്തെങ്കിലും അതു പറയാനുള്ള ധൈര്യം എനിക്കപ്പോള്‍ ഉണ്ടായില്ല.

കള്ളന്‍ കയറിയ ആ വീട്ടില്‍ കുറെ ദിവസങ്ങള്‍ ഒരു തരം അസ്വസ്ഥതയോടെയാണു ഞാന്‍ താമസിച്ചത്. മോഷണത്തെക്കാള്‍ എന്നെ അലട്ടിയതു എന്റെ സ്വകാര്യതയില്‍ ഒരു അപരിചിതന്‍ കടന്നു കയറിയ വല്ലായ്മയായിരുന്നു. രാത്രികളില്‍ ആ വീട്ടില്‍ , പൂച്ചയുടെ എല്ലാം കാണുന്ന കണ്ണുകളുമായി, ആരോ ഓരാള്‍ എന്റെ കൂടെ ഒളിച്ചു താമസിക്കും പോലെ.....

മഹേഷിനു ഒരു ഇ മെയില്‍ അയച്ചു.സംഭവിച്ചതെല്ലം വിശദമായി എഴുതി.


മഹേഷിന്റെ വക മറുപടി, ആസ് യൂഷ്വല്‍ ഒരു എസ്സ് എം എസ്സ്: “കള്ളന്‍ എത്രയോ ഭേദം”.

Monday, November 26, 2007

പുതുവര്‍ഷം വീണ്ടും



“എന്താണു ഇത്തവണത്തെ ന്യൂ ഇയര്‍ പ്രോഗ്രാം? “

ലാലിന്റെ ഫോണ്‍ വന്നപ്പൊഴാണു ഒരു കൊല്ലം കൂടെ കഴിയാറായി എന്നോര്‍ത്തത് .....
കോവളത്തു സമുദ്രയില്‍ ആയിരുന്നു ഇക്കഴിഞ്ഞ ന്യൂ ഇയര്‍.... ലാല്‍ ഏര്‍പ്പെടുത്തിയതാണു താമസവും മറ്റും....

വിരഹമോ ദുഖമോ പ്രതീക്ഷകളോ ഇല്ലാതെ സമാധാനത്തോടെ അന്നു നോക്കി നിന്ന ഇളം സന്ധ്യകളുടെ ഓര്‍മ്മക്കായ് ഒരു ചിത്രം.........



“ നീ തന്നെ ജീവിതം സന്ധ്യേ....നീ തന്നെ മരണവും സന്ധ്യേ

നീ തന്നെ നീ തന്നെ സന്ധ്യേ... “



Sunday, November 11, 2007

ഓ എന്‍ വി ക്ക് എഴുത്തഛന്‍ പുരസ്കാരം

ഓ എന്‍ വി സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടു. ‘ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ.........” എന്നെഴുതിയ സാര്‍ ‘ എവിടെയാ വാഗ്ദത്ത ഭൂമി’ എഴുതിയ കാലം .....ഭൂമിക്കൊരു ചരമ ഗീതത്തിനും മുന്‍പ്......

എസ് എഫ് ഐ യില്‍ നിന്നും മാറുന്നതിനും മുന്‍പു റ്റാറ്റാ - ബിര്‍ളക്കെതിരായി കുറെ തൊള്ള കീറി മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട് ഞാനും....



നന്ദിഗ്രാമില്‍ നിന്നും മരണത്തിന്റേയും രക്ത്ത്തിന്റേയും മണം....

പാബ്ലോ നെറൂദ പറഞ്ഞു: ‘ കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്’


‘ നമ്മള്‍ കൊയ്യും വയലെല്ലാം റ്റാറ്റായുടേതാക്കും പൈങ്കിളിയേ”



ഓ എന്‍ വി ക്കു എഴുത്തച്ഛന്‍ പുരസ്കാരം.

എഴുത്തഛന്റെ പൈങ്കിളി നീണാള്‍ വാഴട്ടെ,,.......

കം ആന്‍ഡ് സീ ദ ബ്ലഡ് ഇന്‍ ദ സ്റ്റ്രീറ്റ്

Thursday, September 13, 2007

വസന്തത്തിലെ ഇടിമുഴക്കം.

മഹേഷ് പറഞ്ഞ അമ്മയുടെ കഥ: സത്യമേവ ജയതേ


കനു സന്യാലിന്‍‌‌റെയും ചാരു മജുംദാരിന്‍‌റെയും വിപ്ലവ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയ രാത്രികളിള്‍, വിപ്ലവ സാഹിത്യങ്ങള്‍ വായിച്ചറിഞ്ഞ ഉന്മേഷത്തില്‍ , ഒരു ദളിതോ, ആദിവാസിയോ ആയി ജനിക്കാത്തതില്‍ ഖിന്നനായി നടന്ന നാളുകളില്‍,അമ്മ പറഞ്ഞു, ‘ മോനേ , നീയാണെന്റെ ജീവന്‍, എന്റെ സ്വപ്നം, നീ നന്നായി വരണം, നന്നായി പഠിക്കണം, എങ്കിലേ എന്റെ ഈ കഷ്ടപ്പാടുകള്‍ക്കു ഒരു അറുതി വരൂ’.... ദാനമായി കിട്ടുന്ന പഴം ചോറ്, വിളമ്പി തരുമ്പോള്‍ അമ്മക്കു അഭിമാനമായിരുന്നു

“ മക്കളെ, ആരുടെ മുന്‍പിലും തെണ്ടിയോ അഭിമാനം വിറ്റോ കൊണ്ടു വരുന്നതല്ല ഈ ചോറ്,‘

അന്നു അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയില്ല രാത്രി ഉറങ്ങാതെ ഹെഗലിന്റെ തിയറിയും, മാറ്റത്തിന്റെ മന്ത്രങ്ങളൂം പഠിച്ചു. ചാര്‍വാക സിദ്ധാന്തം, ഡേവിഡ് ഗസ്റ്റിന്റെ മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രം, എല്ലാത്തിലും മനസ്സു ഉഴറി.അമ്മ എന്നും രാവിലെ 5.30 നു യാത്ര ആകും. വീടു വീടാന്തരം............ ക്രിസ്റ്റഫര്‍ കോട്വല്‍ പറഞ്ഞ ആനന്ദലഹരിയില്‍ ഞാനും അലിഞ്ഞു, അനിയത്തിമാര്‍ എന്നും ഒരു ശല്യമായിരുന്നു. തൊള്ള തുറഞ്ഞു കരയുമ്പോള്‍ , അമ്മ വരണ്ട ശബ്ദത്തില്‍ “ പാട്ടു പാടി ഉറക്കാം ഞാന്‍, താമരപൂം പൈതലേ” എന്നു പാടും. വളരെ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞതു, പി . സുശീലയുടെ ആദ്യ പോപുലര്‍ ഗാനം ആണു അതെന്നു. ഇപ്പോള്‍ ഇടക്കിടെ ഐ- പൊഡില്‍ ഈ പാട്ടു കേള്‍ക്കും.........വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കു പോകുമ്പോള്‍ ലാപ് റ്റൊപില്‍ കണെക്റ്റു ചെയ്തു ഈപാട്ടു കേള്‍പ്പിക്കും അമ്മയെ. ആശ്രമത്തില്‍ ഒരാള്‍ക്കു മാത്രമായി ഇതൊന്നും പാടില്ലെന്നു സിസ്റ്റെര്‍ പറയും. ഇപ്പൊള്‍ തള്ളക്കു ഈ പാട്ടു കേട്ടാലും ഒരു ഫീലിങ്സും ഇല്ലെന്നു തോന്നുന്നു. സെനൈല്‍ ആയിരിക്കും . ചുമ്മാ അങ്ങനെ ഇരിക്കും പ്രതിമ പോലെ.. മരുന്നുകള്‍ കൊടുക്കുന്നുണ്ടു. , മരുന്നു കൊടുത്താല്‍ ശരി ആവും ആയിരിക്കും.

അഡ്ഡിഷണല്‍ ഡിജിയുടെ ഫോണ്‍:

“ യെസ് സര്‍”

കാട്ടിനുള്ളിലെ വേട്ട്ക്കു പോകാന്‍ സമയമായി............ കൊല്ലിനും കൊലക്കുമിടയില്‍, മനസ്സില്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങളുമായി അമ്മ...... അനങ്ങാതെ , അറിയാതെ ചുമ്മാ ഇരിക്കുന്നു......... നാലുമക്കളുള്ള അമ്മ.

Saturday, September 8, 2007

റിമ്പോച്ചേയുടെ വിരല്‍ സ്പര്‍ശം








ശീതക്കാറ്റും നീര്‍ത്തുള്ളികളും:



പതിനാറാം നൂറ്റാണ്ടിലെ ഏതോ ഒരു പ്രഭാതത്തില്‍ റിമ്പോച്ചേ ‘ലാച്ചുനി‘ ലെ അവസാനത്തെ ഗ്രാമത്തില്‍ നിന്നും ഹിമാലയ സാനുക്കളിലേക്കു യാത്ര തിരിച്ചു. വരാന്‍ പോകുന്ന നല്ല നാളുകളെ പ്രവചിച്ചു, ഗ്രാമവാസികളോട് വിട പറഞ്ഞു. വാഴയിലയില്‍ പൊതിഞ്ഞ കുറച്ചു ചോറ് പാഥേയമായി കരുതി ഗുരു റിമ്പോച്ചേ.



പതിനെണ്ണായിരം അടി ഉയരത്തിലു‍ളള മഞ്ഞുമലയിലെവിടെയോ ഗുരു ഏകാന്തനായി ധ്യാനത്തില്‍ മുഴുകി.ചെമ്മരി ആടു മേയ്ച്ചു അലഞ്ഞു നടക്കുന്ന ഇടയന്മാര്‍ റിമ്പോച്ചേയെ പദ്മസംഭവന്‍ എന്നും വിളിച്ചു.


അല്‍ഭുതം, !! യാത്രക്കിടയില്‍ ഗുരു അവിടവിടെ വിതറിയ പൊതിച്ചോര്‍ വറ്റുകള്‍, അന്നുവരെ പച്ചപ്പു കണ്ടിട്ടില്ലാത്ത മഞ്ഞുമലഞ്ചരിവിലെ മരവിച്ച മണ്ണില്‍ നെല്‍ച്ചെടി പുളകങ്ങളായി മാറിയത്രെ! വഴിയോരങ്ങളില്‍ കുഴിച്ചിട്ട വാഴയിലച്ചിന്തുകള്‍ വാഴക്കന്നുകളായി മുളച്ചു! കൊടും ശീതക്കാറ്റില്‍ ഇന്നും ഇളകിയാടുന്ന നെല്‍വയലുകളും , വാഴത്തോട്ടങ്ങളും റിമ്പോച്ചേയുടെ വരദാനങ്ങള്‍.


ശിശിരത്തില്‍ ആ ഹിമശൃംഗത്തിലെ എല്ലാ ഉറവകളും, ഓരോ നീര്‍ത്തുള്ളിയും ഘനീഭവിച്ചു. ആട്ടിടയന്മാര്‍ കുടിവെള്ളത്തിനായി ഉഴറി. റിമ്പോച്ചെയെ കണ്ടു സങ്കടം പറഞ്ഞു. പ്രാര്‍ത്ഥിച്ചു. ഗുരു പാദങ്ങളില്‍ ശരണം പ്രാപിച്ചു.


“ ബുദ്ധം ശരണം ഗച്ഛാമി......”



റിമ്പോച്ചേ കരുണാര്‍ദ്രമായി അവരെ കടാക്ഷിച്ചു। മസൃണമായ കൈവിരലുകള്‍ കൊണ്ട് റിമ്പോച്ചേ, ഉറഞ്ഞു കട്ടിയായ മഞ്ഞില്‍ പതുക്കെ ഒന്നു സ്പര്‍ശിച്ചു. പ്രാര്‍ത്ഥിക്കുന്ന മനസ്സുകള്‍ക്കൊപ്പം മഞ്ഞും ഉരുകി, തുഷാരകണങ്ങളായി, നീര്‍ത്തുള്ളികളായി. പിന്നെ ഏതു കൊടും ശൈത്യത്തിലും ഒരിക്കലും ഉറയാത്ത അമൃത തടാകമായി. ഗുരു തീര്‍ത്ഥമായി ഈ മനോഹര തീരം.







(ഗുരു ദോങ്മാര്‍ ലേക്ക്: 17600 ഫീറ്റ്, നോര്‍ത്ത് സിക്കിം. 2007 ജൂണ്‍ മാസത്തില്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.)